കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമെന്ന് ഹൈക്കോടതി.
കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നത് ക്ഷേത്രാചാരത്തിന്‍റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഹിന്ദുക്കളായ കലാകാരന്മാര്‍ക്കെല്ലാം കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ കൂടല്‍മാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് വിലയിരുത്തി.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പി.ജി അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിയത്.
അമ്മന്നൂര്‍ കുടുംബാംഗങ്ങളാണ് ഇവിടെ കാലങ്ങളായി കൂത്ത് അവതരിപ്പിക്കുന്നത്. 2022 ഫെബ്രുവരി 19നാണ് ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ദേവസ്വം മാനേജിങ്ങ് കമ്മിറ്റി തീരുമാനിച്ചത്.
ഇതിനെതിരെ അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ അടക്കമുള്ളവര്‍ ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്. തന്ത്രിയുടെ അനുമതിയില്ലാതെയാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും അനുമതി നല്‍കിയതെന്ന് വിലയിരുത്തിയാണ് തീരുമാനം റദ്ദാക്കിയത്.
അമ്മന്നൂര്‍ കുടുംബത്തിന്‍റെ അവകാശത്തെ ബാധിക്കാതെയാണ് ഹിന്ദുമതത്തില്‍പ്പെട്ട മറ്റ് കലാകാരന്മാര്‍ക്കും അനുമതി നല്‍കിയത് എന്നാണ് ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയുടെ വാദം.
41 ദിവസം മാത്രമാണ് അവര്‍ കൂത്ത് അവതരിപ്പിക്കുന്നത്. മറ്റ് ദിവസങ്ങളിലാണ് മറ്റുള്ളവര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. അതല്ലെങ്കില്‍ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കൂത്തമ്പലം നശിക്കും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് കൂത്തമ്പലം നവീകരിച്ചത്.
തന്ത്രി കുടുംബത്തിന്‍റെ പ്രതിനിധിയും ഉള്‍പ്പെട്ട യോഗത്തിലാണ് ഹിന്ദുക്കളായ എല്ലാ കലാകാരന്മാര്‍ക്കും കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നും ദേവസ്വം മാനേജിങ്ങ് കമ്മിറ്റി പറഞ്ഞു. യുനെസ്കോ അംഗീകരിച്ച കലാരൂപമാണ് കൂത്തെന്നും അത് നശിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.