വയനാട്: മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടുവൈദ്യനും വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായത് വിവാദത്തിൽ.
മാനന്തവാടി പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടയ്ക്കലാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾക്കുവേണ്ടി വാദിച്ച് ജാമ്യം നേടിക്കൊടുത്തത്.
പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് ജോഷി പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും ആരോപണം ഉയരുന്നുണ്ട്. മതിയായ ചികിത്സ കിട്ടാതെയായിരുന്നു പൊള്ളലേറ്റ് കുട്ടി മരിച്ചത്.
കുട്ടിയുടെ ചികിത്സയ്ക്ക് വിമുഖത കാണിച്ച പിതാവ് വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
മറ്റൊരു അഭിഭാഷകനാണ് പ്രതികളുടെ വക്കാലത്ത് എടുത്തിരുന്നതെങ്കിലും ജോഷി മുണ്ടയ്ക്കലാണ് വാദിച്ചത്. അതേസമയം, വിവരം പുറത്തറിഞ്ഞതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിച്ചു വരികയാണ്.
ജൂൺ ഒമ്പതിനാണ് വീട്ടിൽ കുടിക്കാനായി കരുതിവച്ച ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മൂന്ന് വയസുകാരനായ മുഹമ്മദ് അസാനുവിന് പൊള്ളലേൽക്കുന്നത്. 20ന് കുട്ടി മരിച്ചു.
മാനന്തവാടി മെഡിക്കൽ കോളെജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത കുട്ടിയെ മതിയായ ചികിത്സ നൽകേണ്ടതിന് പകരം നാട്ടുവൈദ്യനെ കാണിച്ച് വീട്ടിൽ തന്നെ ചികിത്സിക്കുകയായിരുന്നു.