Timely news thodupuzha

logo

ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതിയായ ശേഷം ആദ്യമായി ചേര്‍ന്ന തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

തൊടുപുഴ: കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി അദ്ധ്യക്ഷയുടെ ചുറ്റും നിലയുറപ്പിച്ചു. ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍.ഡി.എഫ് തന്നെ പുറത്താക്കണമെന്നായിരുന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ആവശ്യം. നഗരസഭ അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വൈസ് ചെയര്‍പേഴണ്‍ നടപടികളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ അജണ്ട പിടിച്ച് വാങ്ങി കീറിയെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധം വൈസ് ചെയര്‍പേഴണ് നേരെ തിരിഞ്ഞതോടെ സംരക്ഷണവുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ രംഗത്തെത്തി. ഇതിനിടെ എല്‍.ഡി.എഫ് – യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബഹളം ശക്തമായതോടെ അരമണിക്കൂര്‍ നേരത്തേക്ക് കൗണ്‍സില്‍ നിര്‍ത്തി വച്ചു. തുടര്‍ന്ന് രണ്ടാമതും യോഗം ചേര്‍ന്നെങ്കിലും യു.ഡി.എഫ് പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന പൊറാട്ട് നാടകമാണ് കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറുന്നതെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി. ബഹളം രൂക്ഷമായതോടെ 12.15 ഓടെ അജണ്ടയെടുക്കാതെ കൗണ്‍സില്‍ യോഗം പിരിച്ച് വിട്ടു.

സനീഷ് ജോര്‍ജ്ജിനെ ചെയര്‍മാനാക്കിയത് എല്‍.ഡി.എഫാണെന്നും അഴിമതി കേസില്‍ പ്രതിയായ ചെയര്‍മാനെ പുറത്താക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം എല്‍.ഡി.എഫിനുണ്ടെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

അദ്ധ്യക്ഷ സ്ഥാനത്ത് ചെയര്‍മാനാണെങ്കില്‍ എല്‍.ഡി.എഫും പ്രതിഷേധവുമായി രംഗത്തുണ്ടാകുമായിരുന്നു. അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതോടെ ചെയര്‍മാനുള്ള പിന്തുണ പിന്‍വലിച്ചതാണ്. എത്രയും വേഗം ചെയര്‍മാന്‍ രാജി വക്കണമെന്നാണ് നിലപാട്. യു.ഡി.എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

തൊടുപുഴ നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സില്‍ യോഗം വിളിച്ചതെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്യേശിച്ചിരുന്നില്ലെന്നും നഗരസഭ അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വൈസ് ചെയര്‍പേഴണ്‍ പറഞ്ഞു.

ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ബി.ജെ.പി തയ്യാറാണ്. എന്നാല്‍ എട്ട് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ ബി.ജെ.പിയുടെ അവിശ്വാസം പാസാകില്ല. ചെയര്‍മാനെ പുറത്താക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യു.ഡി.എഫ് തങ്ങളുടെ അവിശ്വാസത്തെ പിന്തുണക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് യോഗത്തിനെത്തിയിരുന്നില്ല. തല്‍സ്ഥാനത്ത് നിന്നും രണ്ടാഴ്ചത്തേക്കുള്ള ചെയര്‍മാന്റെ അവധി മറ്റന്നാള്‍ വരെയാണ്. ഇതവസാനിക്കുമ്പോള്‍ ചെയര്‍മാന്‍ നഗരസഭയിലെത്തുമെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സനീഷ് ജോര്‍ജ്ജ് രാജി വക്കും വരെ പ്രതിഷേധം തുടരുമെന്നാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടേയും പ്രഖ്യാപനം.

Leave a Comment

Your email address will not be published. Required fields are marked *