മലയാറ്റൂർ: ഇല്ലിത്തോട് കിണറ്റിൽ വീണ കുട്ടിയാനയുടെ രക്ഷക്കെത്തി അമ്മയാന. ഇന്ന് പുലർച്ചെയാണ് സംഭവം. ഇല്ലിത്തോട് സ്വദേശി സാജുവിന്റെ കിണറ്റിലാണ് കുട്ടിയാന വീണത്. കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ നോക്കുമ്പോഴാണ് കുട്ടിയാന കിണറ്റിൽ വീണത് അറിയുന്നത്. തൊട്ടടുത്ത് തന്നെ അമ്മയാന നിലയുറപ്പിച്ചിരുന്നു. ഇതിനുപുറമേ കുറച്ചകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു.
കുട്ടിയാന കിണറ്റിൽ വീണതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാൽ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സാധിച്ചില്ല. തുടക്കത്തിൽ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തിയത്. അതിനിടെയാണ് കുട്ടിയാനയെ അമ്മയാന വലിച്ചു കയറ്റിയത്.. കുട്ടിയാന പുറത്തെത്തിയതിനു പിന്നാലെ കാട്ടാനക്കൂട്ടം കാടുകയറി.
അതേസമയം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.