കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു.
കണ്ണൂർ എ.ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. പെട്രോൾ അടിച്ചതിന് പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ച് പോവുകയായിരുന്നു.
കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. ഇതിന്‍റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് എന്നാണ് കാരണം പറഞ്ഞത്.