തൊടുപുഴ: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് ജൂനിയർ റെഡ് ക്രോസ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിൻ്റെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കുന്നു. സ്കൂൾ മാനേജർ ഫാദർ സ്റ്റാൻലി കുന്നേൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ലിബോ ജോൺ നിർവ്വഹിച്ചു. കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളും വളവും ജൂനിയർ റെഡ് ക്രോസ് ജില്ലാ പ്രസിഡൻ്റും സ്കൗട്ട് വിഭാഗം ജില്ലാ കമ്മീഷണറുമായ ജെയിംസ് മാളിയേക്കൽ കുട്ടികളോടൊപ്പം ചേർന്ന് ക്ലബ്ബ് ഭാരവാഹികളിൽ നിന്നും സ്വീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പി.ടി.എ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.