പീരുമേട്: എൽ.പി.ജി സിലിണ്ടറുകൾ നിയമാനുസൃത ഉപഭോക്താക്കൾ കൈവശം വയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഗ്യാസ് കണക്ഷനുകൾക്കായി മസ്റ്ററിംഗ് നടത്തുന്നത് പോസ്റ്റ് ഓഫീസ് മുഖേനയാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാട സാമി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രിയായ ഹർദീപ് സിംഗ് പുരിക്ക് നിവേദനം നൽകി.
നിയമാനുസൃത ഉപഭോക്താക്കളെ തിരിച്ചറിയാൻ മസ്റ്ററിംഗ് അനിവാര്യമാണെങ്കിലും, അതാത് ഗ്യാസ് ഏജൻസികളിൽ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കാനുള്ള തീരുമാനമാണ് സാധാരണ എൽ.പി.ജി ഉടമകൾക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും അസൗകര്യം സൃഷ്ടിച്ചത്. നിലവിലെ സംവിധാനം ഗ്യാസ് ഏജൻസികളിൽ നീണ്ട ക്യൂവിന് കാരണമാകുന്നു, ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.
എൽ.പി.ജി ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മസ്റ്ററിംഗ് പൂർത്തിയാക്കാൻ മണിക്കൂറുകളോളം ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട വരിയിൽ അവർക്ക് നിൽക്കേണ്ടി വരുന്നു. ഇത് സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. ഈ തീരുമാനം മൂലം വയോധികരും കിടപ്പിലായവരും ദുരിതത്തിലാണ്. അതിനാൽ ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇന്ത്യാ പോസ്റ്റ് വഴിയോ ഇന്ത്യാ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക് വഴിയോ മസ്റ്ററിംഗ് ലഭിക്കുന്നതിന് ഒരു പ്രത്യേക സംവിധാനം സജ്ജീകരിക്കണമെന്നും ചൂണ്ടികാണിച്ചാണ് അദ്ദേഹം നിവേദനം സമർപ്പിച്ചിരിക്കുന്നത്.