ഇടുക്കി: ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരിയെയും കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും 449 വകുപ്പ് പ്രകാരം 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
കമ്പംമെട്ട് ചേലമൂട് ഭാഗത്ത് പുത്തൻപുരക്കൽ ഓമനയെയും മകൾ ബീനയെയും കുത്തി കൊലപ്പെടുത്തിയ കേസിൽ മറ്റൊരു മകളായ വിനീതയുടെ ഭർത്താവ് തേർഡ് ക്യാമ്പ് സ്വദേശി മൈലാടിയിൽ സുജിനെയാണ്(കണ്ണൻ) തൊടുപുഴ അഡിഷണൽ IV ജില്ലാ ജഡ്ജി പി.എൻ സീത ശിക്ഷിച്ചത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണനോട് പിണങ്ങി ഓമനയുടെ വീട്ടിൽ നിൽക്കുകയായിരുന്ന വിനീതയെ തിരികെ കൊണ്ട് പോവാൻ ഭർതൃ മാതാവ് എത്തിയപ്പോൾ കാര്യങ്ങൾ പറഞ്ഞു ധാരണയിൽ എത്തിയതിനു ശേഷം കൊണ്ട് പോയാൽ മതിയെന്ന് ഓമന പറഞ്ഞതിലുള്ള വിരോധത്തിൽ വീട്ടിലെത്തിയ കണ്ണൻ ഓമനയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ബീനയെ അകമിക്കുകയും ആയിരുന്നു.
രണ്ട് പേരെയും കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടുപോയ പ്രതിയെ വാട്സ്ആപ്പ് സന്ദേശം വഴി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞ മേലേചിന്നാർ സ്വദേശികളായ നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു.
കേസിൽ സംഭവം നേരിട്ട് കണ്ട സമീപ വാസിയായ രേഖയുടെ മൊഴി നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പ്രോസീക്യൂട്ടർ അഡ്വ. വി.എസ് അഭിലാഷ് ഹാജരായി.
കേസിൽ കുറ്റപത്രം സമർപ്പിച്ചത് നെടുംകണ്ടം സി.ഐ ആയിരുന്ന റെജി കുന്നിപ്പറമ്പനാണ്. എസ്.ഐ ഷിനിൽ കുമാർ, എസ്.ഐ ബിജോയ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ അന്വേഷണത്തെ സഹായിച്ചു. സി.പി.ഒ അനിൽ പ്രോസീക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.