ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ സജ്ജീകരങ്ങളും ഒരുക്കാൻ വിവിധ വകുപ്പുകൾക്ക്, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർദേശം നൽകി. കഴിഞ്ഞ ദിവസം രാവിലെ വിളിച്ച് ചേർത്ത ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
താലൂക്ക് തലത്തില്‍ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കനത്ത മഴയെ തുടര്‍ന്നുണ്ടായ തടസ്സങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിന് അഗ്നിശമനസേന, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് നിർദേശം നൽകി.
മണ്ണിടിച്ചിൽ, വെള്ളം കയറുന്ന മേഖലകൾ എന്നിവിടങ്ങളിൽ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ക്യാമ്പുകള്‍ മുൻകൂട്ടി കണ്ട് വയ്ക്കണം. ഇതോടൊപ്പം വീടുകളോട് ചേര്‍ന്ന് സംരക്ഷണ ഭിത്തി തകര്‍ന്നിട്ടുള്ളതും അപകടാവസ്ഥയിലായതുമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ ചുമതലപ്പെടുത്തി.
ജില്ലാ ആസ്ഥാനത്തുള്ള എന്‍.ഡി.ആര്‍.എഫിന്റെ ഡിസാസ്റ്റര്‍ ടീം ജാഗരൂകരായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇടുക്കി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് യോഗം വിലയിരുത്തി.
മണ്ണിടിച്ചില്‍ സംഭവിച്ച റോഡുകള്‍ ഗതാഗതയോഗ്യം ആക്കിയിട്ടുള്ളതായി യോഗത്തില്‍ പങ്കെടുത്ത പൊതുമരാമത്ത്, നാഷണൽ ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയില്‍ ഇതിനോടകം രണ്ട് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
ഉടുമ്പന്‍ചോല പഞ്ചായത്തിലെ ഖജനപ്പാറ സ്‌കൂളിൽ ആരംഭിച്ചിട്ടുള്ള ക്യാമ്പില്‍ എട്ട് കുടുംബങ്ങളും മൂന്നാറിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 42 പേരും ഉണ്ട്. ഇവര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.
ജില്ലാതല ഉദ്യോഗസ്ഥർ ആസ്ഥാനം വിട്ട് പോകരുതെന്ന് ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി അറിയിച്ചു. ദുർബലമായ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്.
മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനും കളക്ടർ നിർദേശം നൽകി. ജില്ലാ പോലീസ് മേധാവി, ഇടുക്കി, ദേവികുളം സബ് കളക്ടർമാർ, എ.ഡി.എം, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ കൺട്രോൾ റൂമുകൾ – ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍: 9383463036, 04862 233111, 04862 233130. ടോള്‍ ഫ്രീ നമ്പര്‍: 1077
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്പറുകള്‍ – ഇടുക്കി: 04862 235361, തൊടുപുഴ: 04862 222503, ഉടുമ്പഞ്ചോല: 04868 232050, പീരുമേട്: 04869 232077, ദേവികുളം: 04865 264231.