കൊച്ചി: ചോറ്റാനിക്കരയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 19കാരിയുടെ നില അതീവ ഗുരുതരം. സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ചയാണ് പെൺകുട്ടിയെ വീടിനുള്ളിൽ അർധനഗ്നയായി കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിൻറെ സിറ്റൗട്ടിൽ കഴുത്തിൽ ഷാൾ മുറുകി ബോധമറ്റ നിലയിൽ അർധനഗ്നയായി കിടക്കുകയായിരുന്ന പെൺകുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. ബന്ധു ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഈ സമയം കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. അച്ഛൻ കുടുംബവുമായി വേർപിരിഞ്ഞ് കഴിയുകയാണ്. തുടർന്ന് കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ കുട്ടി മർദനത്തിനിരയായതായി പൊലീസ് പറയുന്നു.
കസ്റ്റഡിയിലെടുത്ത ആൺ സുഹത്ത് തല്ല് കേസിലെ പ്രതിയാണ്. ഇയാൾ കയർ കഴുത്തിൽ കുരുക്കിയതാണോയെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.