തൊടുപുഴ: മുനിസിപ്പൽ പെട്ടെനാട് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച തന്നെ വിജയിപ്പിച്ച മുഴുവൻ സമ്മതിദായകർക്കും നന്ദി രേഖപ്പെടുത്തുന്നതായി കൗൺസിലർ ജോർജ് ജോൺ.
തെരഞ്ഞെടുപ്പ് വേളയിൽ വാർഡിലെ ജനങ്ങൾക്ക് നൽകിയ വാക്കുകൾ പാലിക്കുന്നതിൽ താൻ ജാഗ്രത പാലിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
വാർഡിലെ സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുവാൻ എം.പി, എം.എൽ.എ, മുനിസിപ്പൽ ഫണ്ട് എന്നിവ ലഭ്യമാക്കുവാൻ മുന്നിട്ടിറങ്ങുമെന്ന് ജോർജ് ജോൺ വ്യക്തമാക്കി.
ഒരു ജനപ്രതിനിധിയെന്ന നിലയിൽ തെരഞ്ഞെടുപ്പ് സമയത്ത് എന്നോടൊപ്പം നിന്നവരെയും എതിരായി പ്രവർത്തിച്ചവരെയും ഒപ്പം നിർത്തി ജാതി, മത, രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ വികസന പ്രവർത്തനങ്ങളിൽ ജന താൽപര്യം അനുസരിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നതായി അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തന്റെയും യു.ഡി.എഫിന്റെയും പരാജയം ആഗ്രഹിച്ച ചിലരാണ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ രാത്രിയിൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ അപവാദ പോസ്റ്ററുകൾ പ്രചരിപ്പിച്ചതെന്ന് ജോർജ് ജോൺ പറഞ്ഞു. യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നതിനായി രാപകൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തന്നോടൊപ്പം ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെ കള്ള പ്രചാരണം നടത്തിയ ഇരുട്ടിന്റെ സന്തതികൾക്ക് യു.ഡി.എഫുമായോ കോൺഗ്രസുമയോ യാതൊരു ബന്ധവും ഇല്ലെന്നും അത്തരക്കാർ തന്റെ പരാജയം ആഗ്രഹിച്ചവർക്ക് ഒപ്പം നിൽക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.