മേപ്പാടി: ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കായി സാമൂഹിക അടുക്കള സജീവം നാല് ദിവസമായി മുടങ്ങാതെ പ്രവര്‍ത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ സജ്ജമാക്കിയ ഈ പാചകപ്പുര. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷനാണ് ഈ അടുക്കളയില്‍ ഭക്ഷണം വെച്ചു വിളമ്പുന്നത്. തഹസില്‍ദാര്‍ പി.യു സിത്താരയാണ് ഭക്ഷണ വിതരണത്തിന്റെ നോഡല്‍ ഓഫീസര്‍.
ദിനംപ്രതി ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ചൂരല്‍മല, മുണ്ടക്കൈ ദുരന്തമേഖലകളില്‍ ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. ഉപ്പുമാവ് കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം ചോറ് സാമ്പാര്‍ തോരന്‍ തുടങ്ങിയ ഉച്ചഭക്ഷണം, രാത്രിയില്‍ ചപ്പാത്തിയും കറിയും എന്നിങ്ങനെയാണ് നല്‍കുന്നത്’. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.
ദിവസവും പതിനായിരം ഭക്ഷണ പൊതികള്‍ വരെ നല്‍കാന്‍ ഈ കേന്ദ്രത്തിന് കഴിയും. ഡി.വൈ.എസ്.പി കെ. രാജേഷ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായര്‍, ജില്ലാ പ്രസിഡന്റ് യു. സുബൈര്‍, സെക്രട്ടറി അസ്ലം ഷാ , ഫുഡ് സേഫ്ടി ഓഫീസര്‍ നിഷ , റവന്യു ഇന്‍സ്‌പെക്ടര്‍മാരായ എ.വി. സന്തോഷ്, എ.വി. ബാബു തുടങ്ങിയവരാണ് സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.