ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്ന് എ.ബി.വി.പി ഇടുക്കി ജില്ലാ കമ്മിറ്റി. വയനാട് ദുരന്തത്തിന്റെ അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ട് ഇനി ഒരു മഹാദുരന്തത്തിന് സാഹചര്യം ഒരുക്കുന്ന മുല്ലപെരിയാർ ജലബോംബ് നിർവീര്യമാക്കാൻ സർക്കാർ തയ്യാറാകണം.
മുല്ലപ്പെരിയാർ ദുരന്തത്തെ ഇടുക്കി, കോട്ടയം എറണാകുളം തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ കാത്തിരിക്കണോയെന്ന ചോദ്യത്തിന് മറുപടി പറയുവാൻ സർക്കാർ ബാധ്യസ്ഥരാണ്.
രാഷ്ട്രീയപരമായി ആയി ഒരേ പക്ഷത്തു നില്ക്കുന്ന തമിഴ്നാട് സർക്കാരിനെ വിശ്വാസത്തിൽ എടുക്കാൻ നാളിതുവരെ കഴിയാത്തത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ പരാജയം ആണ്.
മാസങ്ങൾക്ക് മുമ്പ് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട് വന്നപ്പോൾ ചർച്ചയായതാണ് മുല്ലപ്പെരിയാറെന്ന ജല ബോംബ്. 128 വർഷം പഴക്കമുള്ള, ഭൂകമ്പ സാധ്യത മേഖലയിൽ സ്ഥിതി ചെയ്യുന്ന, പൊട്ടിയാൽ 35 ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടാവുന്ന, ഡാമിൻ്റെ ശിൽപി പോലും 50 വർഷം മാത്രം ആയുസ്സ് കുറിച്ച മുല്ലപ്പെരിയാറെന്നാണ് നമ്മുടെ മുല്ലപ്പെരിയാറിനെ വിശേഷിപ്പിച്ചത്. റിപ്പോർട്ട് പ്രകാരം ഇനി പൊട്ടാൻ സാധ്യതയുള്ള ഡാമുകളുടെ ലിസ്റ്റിൽ ഒന്നാമതാണ് മുല്ലപ്പെരിയാർ.
പ്രകൃതി ദുരന്തങ്ങളെ തടയാൻ മനുഷ്യന് സാധിക്കില്ല. അത് സംഭവിക്കാതിരിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് മാത്രമാണ് ഏക വഴി. കാലം തെറ്റി വരുന്ന മഴയും പ്രളയവുമെല്ലാം മുല്ലപെരിയാറിനെ ഇനിയും ദുർബലമാക്കി കഴിഞ്ഞരിക്കുന്നു.
ആ മഹാ ദുരന്തത്തിലേക്കുള്ള അടുപ്പം വർധിക്കുകയാണെന്നും എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്ത് പരിഹാരം കണ്ടെത്തണമെന്നും എ.ബി.വി.പി ഇടുക്കി ജില്ലാ പ്രസിഡന്റ് ആദർശ്, ജില്ലാ സെക്രട്ടറി രാഹുൽ രാജേഷ് എന്നിവർ സംയുക്തമായി പ്രസ്താവിച്ചു.