ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ നടക്കുന്ന പ്രക്ഷോഭം ആഭ്യന്തര കലാപമായി മാറി.
രാജ്യത്താകെ പ്രക്ഷോഭകരും ഭരണകക്ഷിയായ അവാമി ലീഗിന്‍റെ പ്രവർത്തകരും ഏറ്റുമുട്ടിയതോടെ 14 പൊലീസുകാരുൾപ്പെടെ 72 പേർ മരിച്ചു.
സംഘർഷം രൂക്ഷമായതോടെ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. എംബസിയുമായി ബന്ധപ്പെടാനും നിർദേശം.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു.
സംവരണം നടപ്പാക്കുന്നത് നിർത്തിവച്ചെങ്കിലും ഇതേവിഷയമടക്കം ഉന്നയിച്ചാണു പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭം. അക്രമം പടർന്നതോടെ രാജ്യത്താകെ ഇന്നലെ വൈകിട്ട് ആറ് മുതൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സമരം ചെയ്യുന്നത് വിദ്യാർത്ഥികളല്ല, ഭീകരരാണെന്നും ഭരണം അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാകാര്യ സമിതിയുടെ യോഗത്തിൽ ഹസീന നിർദേശിച്ചു.