കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി സംവിധായകൻ അഖിൽ മാരാർ. സമൂഹമാധ്യമത്തിലൂടെയാണ് അഖിൽ മാരാർ ഇക്കാര്യം അറിയിച്ചത്. പണം നൽകിയതിൻറെ രേഖയും പങ്കു വച്ചിട്ടുണ്ട്.
ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള സംശയങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ ഒരു ലക്ഷം രൂപ നൽകാമെന്ന് അഖിൽ മാരാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസ നിധിക്കെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ വിശദീകരണവും നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് അഖിൽ മാരാർ പണം നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് അഖിൽ മാരാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്വന്തം നിലയിൽ വയനാട്ടിലെ ദുരിതബാധിതർക്കായി സ്ഥലം ഏറ്റെടുത്ത് വീട് നിർമിച്ചു നൽകുമെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞിരുന്നത്.
അഖിൽ മാരാരുടെ പോസ്റ്റ് ഇങ്ങനെ – എന്ത് തെമ്മാടിത്തരം കാണിച്ചാലും പഞ്ച പുച്ഛമടക്കി വോട്ട് ചെയ്യുന്ന കഴുതകൾ ആയ ജനങ്ങൾ ആണ് പലപ്പോഴും കമ്മ്യൂണിസ്റ് പാർട്ടിയുടെ ശക്തി…
തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ഭയം ഇവരിൽ സൃഷ്ട്ടിച്ചു എടുത്തതാണ്..
പാർട്ടിയുടെ നയത്തെ എതിർത്ത യഥാർത്ഥ കമ്മ്യൂണിസ്റ്കാരെ വെട്ടിയൊതുക്കി യാതൊരു കമ്മ്യൂണിസ്റ് മൂല്യവും ഇല്ലാത്ത ഒരു മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ ദുരന്ത മുഖത്തു രാഷ്ട്രീയം പറയല്ലേ എന്ന വാദത്തിന് പ്രസക്തി നഷ്ട്ടപെടുന്നത് ഇന്നലെകളിലെ പ്രവർത്തിയാണ്… പ്രളയത്തിനും കോവിഡിനും സമയം ലഭിച്ച തുക എവിടെ ചിലവഴിച്ചു എന്ന ചോദ്യത്തിന് മറുപടി നൽകാതെ ഉരുണ്ട് കളിച്ചവർ വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ രാഷ്ട്രീയം പറയരുത് എന്ന വാദങ്ങൾ നിരത്തി മുങ്ങുകയല്ല വേണ്ടത്.. അഭിമാനത്തോടെ ആത്മധൈര്യത്തോടെ ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ പുറത്ത് വിട്ട ശേഷം സർക്കാരിനെ സഹായിക്കാൻ പറയണം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു… ഒരാളോട് പോലും കൊടുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല.. പകരം 3വീടുകൾ വെച്ചു നൽകും എന്ന് പറഞ്ഞു.. കണക്കുകൾ 6മാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചാൽ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു…
ഞാൻ ഉയർത്തിയ സംശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു… 2019വരെ ചിലവഴിച്ച കണക്കുകളുടെ ഓഡിറ്റ് റിപ്പോര്ട്ട് പൂർത്തിയായി.. അത് നിങ്ങൾക്ക് ലഭിക്കും..
രണ്ടാമത് KSFE കുട്ടികൾക്ക് പഠിക്കാൻ ലാപ്ടോപ് നൽകിയതിന് 81കോടി നൽകി…
എന്നാലിത് വലിയൊരു അഴിമതി ആണോ അല്ലിയോ എന്നത് പ്രതിപക്ഷം പഠിക്കണം… അതായത് കോകോനിക്സ് എന്ന കമ്പനി ഉണ്ടാക്കിയ തട്ടിക്കൂട്ട് ലാപ്ടോപ്പുകൾ KSFE വഴി കുട്ടികൾക്ക് നൽകി.. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ 70%ലാപ്ടോപ്പുകളും നശിച്ചു… പരാതിയുമായി അലഞ്ഞ പാവങ്ങളെ KSFE യും കമ്പനിയും ചതിച്ചു എന്ന് കുട്ടികളും രക്ഷകർത്താക്കളും പറയുന്നു…കോകോനിക്സ് കമ്പനിയുടെ ഒരു മേജർ share KSIDC യുടെ കൂടിയാണ്..
KSIDC യും മുഖ്യമന്ത്രിയുടെ മകൾ വീണമായും ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ നേരത്തെ നമുക്ക് മുന്നിലുണ്ട്.. അത് കൊണ്ട് ഈ ലാപ്ടോപ്പുകൾ ആർക്കൊക്കെ ലഭിച്ചു…ലഭിച്ചവരുടെ പിന്നീടുള്ള അവസ്ഥ.. ഇകാര്യങ്ങൾ പൊതു ജനമധ്യത്തിൽ കൊണ്ട് വരാൻ പ്രതിപക്ഷത്തിന് കഴിയട്ടെ…
ദുരിതാശ്വാസ നിധിയിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പർ തരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല.. അബ്ദുൽ റഹ്മാന് വേണ്ടി 4ദിവസം കൊണ്ട് 34കോടി സ്വരൂപിച്ച നാട്ടിൽ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവർത്തി കൊണ്ടാണ്..
എന്നാൽ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു..
സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങൾക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ…
ജില്ലാ ഭരണകൂടമായി സഹകരിച്ചു അർഹത പെട്ടവർക്ക് നേരിട്ട് തന്നെ വീട് വെച്ച് നൽകും…
NB : കേസെടെടുത്തു വിരട്ടാൻ നോക്കിയപ്പോൾ ഞാൻ പ്രതികരിച്ചതും മുഖ്യമന്ത്രി മറുപടി നൽകിയപ്പോൾ ഞാൻ പ്രതികരിച്ചതും രണ്ട് രീതിയിൽ ആണ്…
അത് കൊണ്ട് മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്.. ജനങ്ങൾ കൂടെ ഉണ്ടാകും…
ബാക്കി കണക്കുകൾ പുറത്ത് വന്ന ശേഷം… അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട..