കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സർക്കാരിന്‍റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നതിനു പിന്നാലെ വായ്പാ ഇ.എം.ഐ പിടിച്ച കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം.
ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്. കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ കല്‍പ്പറ്റ റീജിയണല്‍ ഓഫിസിലേക്ക് നടന്ന പ്രതിഷേധത്തിൽ വന്‍ സംഘര്‍ഷമാണ് ഉണ്ടായത്.
ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.
സഹായധനം കയ്യിട്ടുവാരിയ ബാങ്കിന്‍റെ നടപടി ക്രൂരമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇഎംഐ പിടിച്ച നടപടിയില്‍ ബാങ്ക് പരസ്യമായി മാപ്പു പറയണം. അക്കൗണ്ടിൽ നിന്നും പണം പിടിച്ച ബാങ്ക് മാനേജർ മാപ്പ് പറയണം.
സംഭവത്തിൽ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇ.എം.ഐ പിടിച്ച എല്ലാവരുടേയും പണം തിരിച്ചു നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എല്ലാ ബാങ്കിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.