Timely news thodupuzha

logo

അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം

തൊടുപുഴ: ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യം, കൃഷി വകുപ്പുകളുടെയും വ്യാപാര പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടർ വി വിഗ്നേശ്വരി വിളിച്ച് ചേർത്തു. പൊതുജനങ്ങൾക്ക് സഹായകരമാകുന്ന തരത്തിൽ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. വിലവിവര പട്ടിക എല്ലാവരും നിർബന്ധമായി പ്രദർശിപ്പിക്കണം. മികച്ച ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുവാൻ വ്യാപാരികൾ പരമാവധി ശ്രമിക്കണം. മികച്ച സേവനം നൽകുന്നത് ബിസിനസ് വർധിക്കാൻ ഇടയാക്കും. ഓണത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ സാധനങ്ങളുടെ പൂഴ്ത്തി വയ്പ് മൂലം വിപണി വില കൂടുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി ഭക്ഷ്യ വകുപ്പ് സ്‌ക്വാഡ് പ്രവർത്തനവും പരിശോധനയും കർശനമാക്കും.

അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ലീഗൽ മെട്രോളജി പരിശോധിച്ച് ഉറപ്പാക്കും. റവന്യൂ, ലീഗൽ മോട്രോളജി, പൊതുവിതരണം, പോലീസ്, ഫുഡ് സേഫ്റ്റി, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലാ കളക്ടറുടെ നേത്യത്വത്തിൽ ജില്ലയിലാകെ പരിശോധന നടത്തും. ഈ വർഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 615 പരിശോധനകൾ നടത്തുകയും 58 ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്. സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ക്രോഡീകരിച്ച് നല്കാൻ ജില്ലാ സപ്ലെ ആഫീസറെ ചുമതലപ്പെടുത്തി.

വഴിയോരകച്ചവടക്കാർ വിപണി കയ്യടക്കുന്നത് വ്യാപാര പ്രതിനിധികൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം കച്ചവടക്കാർക്ക് വെന്റിംഗ് ഏരിയ നിശ്ചയിച്ച് നൽകിയില്ലെങ്കിൽ ഉത്സവ സീസണുകളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വഴിയോര കച്ചവടക്കാരുമായി ബന്ധപ്പെട്ട മീറ്റിംഗിൽ വ്യാപാര പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നും വ്യാപാര പ്രതിനിധികൾ ആവശ്യപ്പെട്ടു. അതത് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ബെലോകളുടെ അടിസ്ഥാനത്തിൽ വെന്റിംഗ് കമ്മറ്റികൾ നൽകുന്ന വെന്റിംഗ് സർട്ടിഫിക്കറ്റ് പ്രകാരമാണ് വഴിയോര കച്ചവടക്കാർ പ്രവർത്തിക്കേണ്ടതെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *