Timely news thodupuzha

logo

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഈ സർക്കാരിന്‍റെ കാലത്ത് തന്നെ നടപ്പാക്കിയേക്കും

ന്യൂഡൽഹി: പഞ്ചായത്ത് മുതൽ പാർലമെന്‍റ് വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഈ സർക്കാരിന്‍റെ കാലത്ത് തന്നെ നടപ്പാക്കിയേക്കും.

നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭ അധികാരത്തിൽ 100 ദിനം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച സൂചന നൽകുന്നത്. 2029 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തണമെന്നതാണ് സർക്കാരിന്‍റെ താത്പര്യം.

തെരഞ്ഞെടുപ്പ് ഏകീകരണം പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി വിവിധ തലങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിച്ചിരുന്നു.

ഇതിൽ ഭൂരിപക്ഷവും പുതിയ നീക്കത്തെ പിന്തുണയ്ക്കുന്നതാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. നിർദേശങ്ങളും അഭിപ്രായങ്ങളും നിയമപരമായ പ്രശ്നങ്ങളുമടക്കം വിശദീകരിക്കുന്ന 18,626 പേജുള്ള റിപ്പോർട്ട് രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചിരുന്നു.

രാംനാഥ് കോവിന്ദിന്‍റെ സമിതിക്ക് മുന്നിലെത്തിയ 47 രാഷ്‌ട്രീയ കക്ഷികളിൽ 32ഉം തെരഞ്ഞെടുപ്പ് ഏകീകരണത്തെ പിന്തുണച്ചു. ദിനപത്രങ്ങളിൽ നൽകിയ പരസ്യങ്ങൾക്ക് ലഭിച്ച 21,558 പ്രതികരണങ്ങളിൽ 80 ശതമാനവും സർക്കാരിനോടു യോജിക്കുന്നതായിരുന്നെന്നും റിപ്പോർട്ട്.

നാലു മുൻ ചീഫ് ജസ്റ്റിസുമാർ, 12 മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, നാലു മുൻ ചീഫ് ഇലക്‌ഷൻ കമ്മിഷണർമാർ തുടങ്ങിയവരടക്കം നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നു രാംനാഥ് കോവിന്ദ് സമിതി.

കൂടാതെ തെരഞ്ഞെടുപ്പു കമ്മിഷൻ, കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഫെഡറേഷൻ ഒഫ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, അസോചം എന്നിവയുടെ പ്രതിനിധികൾ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരുമായും സംസാരിച്ചു.

തുടർച്ചയായ തെരഞ്ഞെടുപ്പുകൾ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സൗഹാർദത്തിനും തിരിച്ചടിയുണ്ടാക്കുന്നെന്നും ചെലവ് ഉയർത്തുന്നുവെന്നുമുള്ള അഭിപ്രായമാണ് ഇവരും പങ്കുവച്ചത്. ഈ അഭിപ്രായങ്ങളെല്ലാം പരിഗണിച്ച സമിതി രണ്ട് ഘട്ടങ്ങളായുള്ള സമീപനമാണു നിർദേശിച്ചത്.

ആദ്യഘട്ടത്തിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുക. രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ 100 ദിവസ സമയപരിധിക്കുള്ളിലായി പൊതുതെരഞ്ഞെടുപ്പിനോടു കൂട്ടിച്ചേർക്കുക. എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായി ഒരേ വോട്ടർപട്ടികയും തിരിച്ചറിയൽ കാർഡും മതിയെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

തെരഞ്ഞടുപ്പ് ഏകീകരണത്തിനുളള നിയമ, ഭരണഘടനാപരമായ വിഷയങ്ങൾ നിയമകമ്മിഷൻ പരിശോധിച്ചുവരികയാണ്. തൂക്കുസഭയും അവിശ്വാസപ്രമേയവും വന്നാൽ സ്വീകരിക്കേണ്ട നടപടികളടക്കം നിയമ കമ്മിഷൻ പരിഗണിക്കും.

എന്നാൽ, വോട്ടിങ് യന്ത്രങ്ങൾക്കു വേണ്ടിവരുന്ന ചെലവാണ് പ്രധാന ആശങ്ക. ഓരോ 15 വർഷത്തിലും 10000 കോടി രൂപ വോട്ടിങ് യന്ത്രങ്ങൾക്കായി മാറ്റിവയ്ക്കേണ്ടിവരുമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക വിഷയങ്ങൾ മുങ്ങിപ്പോകുമെന്ന ആശങ്കയാണ് പ്രാദേശിക കക്ഷികൾക്കുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *