തിരുവനന്തപുരം: പൂരം കലക്കിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പരിഹസിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. അജിത് കുമാർ സമർപ്പിച്ചത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നത്.
കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാന്‍റെ കണ്ടുപിടിത്തമെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. അജിത് കുമാറും ഓടുന്ന കുതിരയുമെന്ന തലക്കെട്ടോടെയാണ് ലോഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പരിചയ കുറവ് കൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്.പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ട്. പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്ത് വന്നിട്ടുണ്ട്.
ഭക്ത ജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണെന്നും ലേഖനത്തിൽ പറയുന്നു.