Timely news thodupuzha

logo

ഇടതുഭരണത്തിൽ തൊടുപുഴയിൽ പാർക്കിങ്ങ് സ്ഥലങ്ങൾ അടച്ചുകെട്ടുന്നു

നടപ്പാതകൾ ഇല്ലാത്ത സാഹചര്യം; ഉദ്യോഗസ്ഥർ എല്ലാത്തിനും കൂട്ട് നിൽക്കുന്നു

തൊടുപുഴ: ഇടതു നേതാക്കളുടെ പിൻ സീറ്റ് ഭരണത്തിൽ തൊടുപുഴ നഗരം നരകമാകുന്നു. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സാഹചര്യം. നിയമ ലംഘനങ്ങൾ ഇവിടെ വാർത്ത അല്ലാത്ത സ്ഥിതിയായി. കാരണം നടക്കുന്നത് ഭൂരിഭാഗവും നിയമ ലംഘനമാണ്. മനുഷ്യാവകാശ കമ്മീഷൻ ഒറിജിനൽ ഉൾപ്പെടെ നിരവധി ഉണ്ടെങ്കിലും നിയമ ലംഘനങ്ങൾ എല്ലാവരും കണ്ണടയ്ക്കുന്നു.

കെട്ടിടം നിർമ്മിക്കാൻ നൽകുന്ന പ്ലാനിൽ പാർക്കിങ്ങ് ഏരിയ ആയി നൽകിയിരിക്കുന്നത് കെട്ടിട നമ്പർ ലഭിക്കുന്നതോടെ അടിച്ചു കെട്ടി മുറിയാക്കുന്നതു തൊടുപുഴയിൽ പതിവായിരിക്കുന്നു. പാർക്കിങ്ങ് സ്ഥലങ്ങൾ മുറിയാക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന വാഹനങ്ങൾ നടപ്പാതയിലും റോഡിലും പാർക്ക് ചെയ്യുന്നത് അപകട ഭീഷണി ഉയർത്തുന്നു.

നടപ്പാതകളിൽ ഐസ് ക്രീം ഫ്രീസർ ഇറക്കി വയ്ക്കുവാൻ പോലും ചിലർ ധൈര്യം കാണിക്കുന്നു. അതുപോലെ ഇരു ചക്ര വാഹനങ്ങളുടെ വിൽപ്പനയുടെ പേരിൽ നടപ്പാതകൾ പൂർണ്ണമായും കയ്യേറിയിരിക്കുകയാണ്, ഇങ്ങനെ നടപ്പാതകൾ കയ്യേറി കച്ചവടം ചെയ്യുന്നവരോട് ആഴ്ചപ്പടിയും മാസപ്പടിയും വാങ്ങുന്ന പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇവിടെ ഉള്ളതായി ആരോപണമുണ്ട്. പടി നൽകിയില്ലെങ്കിൽ പരാതി നൽകി ജനകീയരാകും ഇവർ.

നഗരസഭയിൽ അടുത്ത നാളിൽ ഭരണ പ്രതിസന്ധി ഉണ്ടായ ദിവസങ്ങളിൽ വ്യാപകമായി പാർക്കിങ്ങ് സ്ഥലങ്ങൾ അടച്ചു കച്ചവട മുറികളാക്കിയിട്ടുണ്ട്. മുനിസിപ്പൽ ഉദ്യോഗസ്ഥരും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരുടെ റോളിലാണ്. നടപ്പാതകൾ കയ്യേറി കച്ചവടം ചെയ്യുന്നതുമൂലം കാൽ നടയാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.

നടപ്പാതയിലേയ്ക്ക് വില്പനയ്ക്കുള്ള വസ്തുക്കൾ തൂക്കിയിട്ടിരിക്കുന്ന ഭാഗങ്ങളിൽ കാൽ നടയാത്രക്കാർ ഇവയിൽ മുഖം തട്ടി പോകേണ്ട അവസ്ഥയും ഉണ്ട്. ഓണ അവധി ദിനങ്ങളിൽ പോലും നഗരത്തിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു.

Leave a Comment

Your email address will not be published. Required fields are marked *