ചണ്ഡിഗഡ്: തൊണ്ണൂറംഗ ഹരിയാന നിയമസഭയിലേക്ക് ഇന്ന് ഒറ്റഘട്ടമായി വോട്ടെടുപ്പ്. മുഖ്യമന്ത്രി നായബ് സിങ്ങ് സൈനി, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ദുഷ്യന്ത് ചൗതാല തുടങ്ങി 1031സ്ഥാനാർത്ഥികളുടെ വിധിയാണ് രണ്ട് കോടിയിലേറെ വോട്ടർമാർ നിർണയിക്കുന്നത്.
ഭരണവിരുദ്ധ വികാരമെന്ന ഭീഷണിയുണ്ടെങ്കിലും ഹാട്രിക് വിജയമാണ് ബി.ജെ.പിയുടെ ലക്ഷ്യം.10 വർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് അധികാരത്തിലേക്കു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.
എട്ടിന് ജമ്മു കശ്മീരിനൊപ്പം വോട്ടെണ്ണൽ. 2019ൽ ബി.ജെ.പിക്ക് 40ഉം കോൺഗ്രസിന് 31ഉം സീറ്റുകളാണ് ലഭിച്ചത്. 89 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് ഒരു സീറ്റ് സഖ്യകക്ഷിയായ സി.പി.എമ്മിന് നൽകി.
ഭിവാനിയിലാണു സി.പി.എം മത്സരിക്കുന്നത്. ബി.ജെ.പിയും 89 സീറ്റുകളിലാണു മത്സരിക്കുന്നത്. സിർസയിൽ ഹരിയാന ലോക്ഹിത് പാർട്ടി മേധാവി ഗോപാൽ കാണ്ഡയ്ക്ക് പാർട്ടി പിന്തുണ നൽകുന്നു.