Timely news thodupuzha

logo

തൃശൂർ പൂരം അലങ്കോലമാക്കൽ; ആർ.എസ്.എസിന്‍റെ രാഷ്ട്രീയ താൽപര്യം: എം.​വി ഗോവിന്ദൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നുവെന്നും ആർ.എസ്.എസിന്‍റെ രാഷ്ട്രീയ താൽപര്യമാണ് അവിടെ നടന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.​വി ഗോവിന്ദൻ.

ഇതേപ്പറ്റി മുഖ്യമന്ത്രി അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചു.​ അതനുസരിച്ച് നടപടിയെടുക്കും. എ.ഡി.ജി.പി​ എ.​ആ​ർ അ​ജി​ത് കുമ​റി​ന്‍റെ ഭാഗത്ത്​ നിന്ന് തെറ്റുണ്ടായോയെന്ന് പരിശോധിക്കാൻ ഡി.ജി.പി അന്വേഷിക്കുന്നുണ്ട്.​

തെറ്റുണ്ടായിട്ടുണ്ടെങ്കിൽ നടപടി വരുമെന്നും അദ്ദേഹം വാ​ർ​ത്താ ​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ചത് കോൺ​ഗ്രസിലെ വോട്ട് ചോർച്ചയാണ്.

യഥാർത്ഥ്യം എന്തെന്ന് വ്യക്തമായിട്ടും തൃശൂരിൽ ബി.ജെ.പി വിജയത്തിന് ഇടതുപക്ഷം കളമൊരുക്കിയെന്ന തരത്തിലുള്ള പ്രചരണം വിവിധ കോണുകളിൽ നിന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.​

തൃശൂരിൽ 86,000 വോട്ടാണ് കോൺഗ്രസിന് നഷ്ടമായത്. അതാണ് പരാജയമെന്ന് കോൺഗ്രസ് കമ്മിഷൻ കണ്ടെത്തി. ഇതിന്‍റെ ഭാഗമായാണ് ഡിസിസി പ്രസിഡന്‍റിനെ മാറ്റിയത്.

എന്നിട്ടും സി.പി.എമ്മിനെ കുറ്റപ്പെടുത്തുകയാണ്. മതരാഷ്‌​ട്ര ​വാദത്തിനെതിരേ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതിനാല്‍ മതേതര ​വാദികള്‍ക്കിടിയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും വലിയ അംഗീകാരം മുഖ്യമന്ത്രിക്കുണ്ട്.

ഇതില്ലാതാക്കാനാണ് സി.പി.എം -​ ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നത്. ഇതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണെന്ന് ഗോവിന്ദൻ ആരോപിച്ചു.

ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തിൽ അദ്ദേഹം പറയാത്ത കാര്യം ഉൾപ്പെട്ടതിൽ പത്രം തന്നെ ഖേദം പ്രകടിപ്പിച്ചു.ആ പ്രശ്നം അവിടെ അവസാനിക്കേണ്ടത് ആയിരുന്നു.

എന്നിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇസ്രയേല്‍ സേന നടത്തുന്ന അധിനിവേശത്തിന്‍റെയും ഹമാസിനെതിരായ കടന്നാക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍ ഏഴിന് യുദ്ധ വിരുദ്ധ ദിനമായി ആചരിക്കും.

ജില്ലാ ​കേന്ദ്രങ്ങളില്‍ യുദ്ധത്തിനെതിരായി പ്രചാരണം നടത്തും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വയനാടിന് ഫണ്ട് അനുവദിക്കാത്തത് എന്നിവ ഉള്‍പ്പെടെ ഉന്നയിച്ച് 15 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ പ്രചാരണം നടത്താനും സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *