Timely news thodupuzha

logo

ഛത്തിസ്ഗഡിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ വധിച്ചു

ദന്തേവാഡ: ഛത്തിസ്ഗഡിലെ ബസ്തറിൽ 36 മാവോയിസ്റ്റുകളെ രക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് നാരായൺപുർ – ദന്തേവാഡ ജില്ലാ അതിർത്തിയിലെ അഭുജ്മാഡിലാണു സംഭവം.

ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകൾക്ക് എതിരേ നടന്നിട്ടുള്ള ഏറ്റവും വലിയ സൈനിക നടപടികളിൽ ഒന്നാണ് ഇത്. രക്ഷാസേനയിൽ ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് തെരച്ചിൽ നടത്തുക ആയിരുന്ന ജവാന്മാർക്ക് നേരേ നക്സലുകൾ വെടിവച്ചപ്പോൾ ആയിരുന്നു രക്ഷാസേനയുടെ തിരിച്ചടി. പ്രത്യാക്രമണത്തിൽ ആണ് 36 പേരും കൊല്ലപ്പെട്ടത്.

ഇവരിൽ നിന്ന് എകെ 47 ഉൾപ്പെടെ തോക്കുകൾ കണ്ടെത്തി. കൂടുതൽ മാവോയിസ്റ്റുകൾ പ്രദേശത്തുണ്ടെന്ന് റിപ്പോർട്ട്. രാത്രിയും തെരച്ചിൽ തുടരുകയാണ്.

ജില്ലാ റിസർവ് ഗാർഡ്(ഡി.ആർ.ജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.റ്റി.എഫ്) എന്നിവരുടെ സംയുക്ത സംഘം വെള്ളിയാഴ്ച തുടങ്ങിയ നീക്കമാണ് വെള്ളിയാഴ്ച ഏറ്റുമുട്ടലിലേക്കെത്തിയത്.

ഗോവൽ, നെന്ദൂർ, തുൽത്തുളി മേഖലകളിലായിരുന്നു തെരച്ചിൽ. നെന്ദൂർ – തുൽത്തുള്ളി വനത്തിനു സമീപമാണ് വെടിവയ്പ്പുണ്ടായത്. ഈ വർഷം ബസ്തർ മേഖലയിലെ ഏഴ് ജില്ലകളിലായി പൊലീസ് വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 193 ആയി ഉയർന്നു.

ഇതൊരു വലിയ ഓപ്പറേഷൻ ആയിരുന്നെന്ന് പറഞ്ഞ ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി രക്ഷാ സേനയെ അഭിനന്ദിച്ചു. നക്സലിസം അവസാന ശ്വാസം വലിക്കുകയാണെന്നും 2026 മാർച്ചോടെ രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഒമ്പത് മാസത്തിനിടെ അദ്ദേഹം രണ്ട് തവണ ഛത്തിസ്ഗഡ് സന്ദർശിച്ച് സുരക്ഷ വിലയിരുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 16ന് സംസ്ഥാനത്തെ കാങ്കറിൽ ഉയർന്ന കേഡർമാരടക്കം 29 മാവോയിസ്റ്റുകളെ രക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *