ദുബായ്: ഐ.സി.സി വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 58 റൺസിനാണ് കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കിവികൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് എടുത്തത്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിന് അവസാനിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് സൂസി ബേറ്റ്സും(27) ജോർജിയ പ്ലിമ്മറും(34) ചേർന്ന് മോശമല്ലാത്ത തുടക്കം നൽകി. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയെന്ന് തോന്നിച്ചെങ്കിലും, നാലാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ സോഫി ഡിവൈന്‍റെ അർധ സെഞ്ചുറി അവരെ കരകയറ്റി.
36 പന്തിൽ 57 റൺസെടുത്ത സോഫി പുറത്താകാതെ നിന്നു. നാലോവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മലയാളി ലെഗ് സ്പിന്നർ എസ് ആശയും 27 റൺസിന് രണ്ട് വിക്കറ്റ് നേടിയ പേസ് ബൗളർ രേണുക സിങ്ങും ഒഴികെ എല്ലാ ബൗളർമാരും ഓവറിൽ ശരാശരി ഏഴ് റൺസിന് മുകളിൽ വിട്ട് കൊടുത്തു.
സ്റ്റാർ ഓൾറൗണ്ടർ ദീപ്തി ശർമയുടെ നാലോവറിൽ 45 റൺസാണ് പിറന്നത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഒരു ഘട്ടത്തിലും ജയ പ്രതീക്ഷ ഉണർത്താനായില്ല.
വെടിക്കെട്ട് ഓപ്പമർമാരായ സ്മൃതി മന്ഥനയും(12) ഷഫാലി വർമയും(2) നിരാശപ്പെടുത്തി. മൂന്നാം നമ്പറിലേക്ക് സ്വയം പ്രൊമോട്ട് ചെയ്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും(15) വിശ്വസ്തയായ ജമീമ റോഡ്രിഗ്സിനും(12) ബിഗ് ഹിറ്റർ റിച്ച ഘോഷിനും(12) ദീപ്തിക്കും(13) കൂടി പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു.
ന്യൂസിലൻഡിന് വേണ്ടി റോസ്‌മേരി മെയർ നാല് വിക്കറ്റും ലിയ തഹുഹു മൂന്ന് വിക്കറ്റും നേടി. ഞായറാഴ്ച പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശ്രീലങ്കയും ഓസ്ട്രേലിയയും കൂടി ഉൾപ്പെട്ട കടുപ്പമേറിയ ഗ്രൂപ്പിലാണ് ഇന്ത്യ.