Timely news thodupuzha

logo

നഷ്ടമായത് പ്രിയ സുഹൃത്തിനെയെന്ന് അംബാനി; രത്തൻ ടാറ്റക്ക് അനുശോചനം അർപ്പിച്ച് പ്രമുഖർ

മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി.

രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്‍റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് മുകേഷ് അംബാനി. രത്തൻ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടുത്തോളം വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രീയപ്പെട്ട ഒരു സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിത്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊര്‍ജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ എളിമയും മാനുഷിക മൂല്യങ്ങളും വളരെ മഹത്തരമായിരുന്നു. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്നു, അദ്ദേഹം സമൂഹത്തിന്‍റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചുവെന്നും അംബാനി പറയുന്നു.

ഇന്ത്യക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ ഒരു മകനെയാണ് രത്തന്‍ ടാറ്റയുടെ വിയോഗത്തോടെ നഷ്ടമായത്. ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി, ലോകത്തിലെ ഏറ്റവും മികച്ചത് ഭാരതത്തിലേക്കും കൊണ്ടുവന്നു. അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവല്‍ക്കരിക്കുകയും 1991 ല്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം ടാറ്റയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയും ചെയ്തു.

രത്തന്‍ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളര്‍ച്ചയാണ് ടാറ്റയ്ക്കുണ്ടായത്. റിലയന്‍സിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവന്‍ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തന്‍, അങ്ങ് എന്നും എന്‍റെ ഹൃദയത്തില്‍ നിലനില്‍ക്കുമെന്നും മുകേഷ് അംബാനി അനുശോചന കുറിപ്പിൽ എഴുതി.

Leave a Comment

Your email address will not be published. Required fields are marked *