തൃശ്ശൂർ: ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 6.75 ലക്ഷം രൂപ. ഒരു ആനക്ക് പൂരത്തിന് പങ്കെടുക്കാൻ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇത്രയും തുക മുടക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഏക്കത്തിനെടുത്ത പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നു. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരേക്കും കേരളത്തിൽ ആനകൾക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്.
ഗുരുവായൂരിൽ 2019 ഫെബ്രുവരിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രനെൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്ക് ഏർപ്പെടുത്തിയതാണ്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് തെക്കേഗോപുരവാതിൽ തുറക്കുന്ന തൃശൂർ പൂരത്തിൻറെ വിളംബര ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് രാമചന്ദ്രനെ നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു. ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് 201 9ൽ വിലക്കിനിടയിൽ തെക്കേഗോപുര വാതിൽ തുറക്കാൻ അനുമതി ലഭിച്ചത്. തെക്കേ ഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.