ന്യൂഡൽഹി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു.
കേരളത്തിലെത്തിൽ റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയിൽ സമർപ്പിച്ച കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് ഒടുവിൽ കേരളത്തിലേക്കും എത്തുകയാണ്. കർണാടകത്തിനും തമിഴ്നാടിനും നൽകിയ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചിരിക്കുന്നു.
കേരളത്തിൽ റെയിൽവെ വികസനത്തിന് 2033 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരി റെയിൽപ്പാതയ്ക്കായി 100 കോടി രൂപയും മാറ്റിവച്ചതായും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഡിയോ കോൺഫറൻസിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.