തൊടുപുഴ: ഉടുമ്പന്നൂർ ആറാം വാർഡ് മലയിഞ്ചിയിൽ താമസിക്കുന്ന നന്ദികോട്ട് വീട്ടിൽ നീലകണ്ഠൻ ലൈഫിൽ കിട്ടിയ ഭവനം യാഥാർത്ഥ്യമാക്കാൻ കഴിയാതെ വിഷമിക്കുകയാണ്. ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ മൂലമാണ് ഇദ്ദേഹത്തിന് സുരക്ഷിതമായ വീട്ടിൽ താമസിക്കാൻ പറ്റാത്തത്.
മരംവെട്ട് ജോലിക്കിടയിൽ ഇദ്ദേഹത്തിന് തൻ്റെ വലതു കൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. മക്കളില്ലാത്ത ഇദ്ദേഹത്തിന് ഭാര്യയെയും കൂടി നഷ്ടപ്പെട്ടതോടെ ജീവിതം പ്രതിസന്ധിയിലാണ്. ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് 15 സെൻ്റ് സ്ഥലത്തിരിക്കുന്ന അടച്ചുറപ്പില്ലാത്ത ബലക്ഷയമുള്ള വീട്ടിലാണ്. ഈ വീടിന് സമീപത്ത് കൂടിയാണ് മലയിഞ്ചി തോട് ഒഴുകുന്നത്. ഏകദേശം രണ്ടു കിലോമീറ്റർ അകലെ മല മുകളിൽ നിന്ന് ആരംഭിക്കുന്ന ഈ തോട്ടിലൂടെ മഴക്കാലത്ത് ശക്തമായ മലവെള്ളപാച്ചിലാണ്. കഴിഞ്ഞ മഴക്കാലത്ത് ഈ തോട്ടിലൂടെ ഒരു വീടും വീട്ടിലെ സ്ത്രീയും ഒഴുകിപ്പോയതായും ഇദ്ദേഹം പറയുന്നു.
സംരക്ഷണ ഭിത്തിയില്ലാത്തതുമൂലം ശക്തമായ മഴയത്ത് തോട്ടിലെ വെള്ളം വീടിൻ്റെ ഭിത്തികളിൽ തട്ടിയാണ് ഒഴുകുന്നത്. ഇത് മൂലം ഭിത്തികൾ വിണ്ട് കീറിയ അവസ്ഥയിലാണ്. ഇദ്ദേഹത്തിന്റെ ദുരവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ മെമ്പർ വിഷയം പഞ്ചായത്തിൽ അവതരിച്ചു. തുടർന്ന് ഇറിഗേഷൻ വകുപ്പിനെയും അറിയിച്ചു. പഞ്ചായത്ത് ഇദ്ദേഹത്തിന് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് പണിയുന്നതിന് അനുമതിയും ആദ്യ ഫണ്ടായി നാല്പതിനായിരം രൂപ നൽകിയതായും ആ തുക വീട് പണിയുവാൻ തയ്യാറായി വന്ന മേസ്തിരിയെ ഏൽപ്പിച്ചുവെന്നും നീലകണ്ഠൻ പറഞ്ഞു.
ഭാര്യയുടെ രോഗിയായ മക്കളില്ലാത്ത വിധവയായ ചേച്ചിയാണ് ഇപ്പോൾ ഇദ്ദേഹത്തിന് ഒപ്പം ഉള്ളത്. ആരോഗ്യ പ്രശ്നങ്ങളിലും സമ്പാദ്യമായി ഒന്നുമില്ലാത്തതിനാലും ദിവസേന തള്ളി നീക്കുന്ന തനിക്ക് ആകെ ആശ്രയം സർക്കാരു തരുന്ന പെൻഷൻ തുകയാണെന്നും എന്നാൽ ദൈനം ദിന ജീവിതത്തിൽ ആവശ്യമായ മരുന്നോ കുടിവെള്ളത്തിൻ്റെ ബില്ലടയ്ക്കുന്നതിനോ ഇത് തികയുന്നില്ലെന്നും കഴിഞ്ഞ മൂന്നുനാലു മാസമായി മരുന്നുകടകളിലും കുടിവെള്ള ത്തിൻ്റെ ബില്ലും കുടിശികയിലാണെന്നും അദ്ദേഹം പറഞ്ഞു.
തോടിന് സംരക്ഷണ ഭിത്തി പണിത് സ്വന്തം പുരയിടത്തിലുള്ള ചുറ്റുമതിലില്ലാത്ത കിണറിന് ചുറ്റു മതിലും തീർത്ത് പുതിയ വീട് പണിയണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. അതേസമയം അടച്ചുറപ്പുള്ള ഒരു വീട് യാഥാർത്ഥ്യമാക്കുവാൻ, പഴയ വീട് പൊളിച്ചു മാറ്റുമ്പോൾ താമസിക്കുവാൻ എങ്ങോട്ട് പോകുമെന്നറിയാതെ, കനിവ് തേടി അലയുകയാണ് ഈ വയോധികൻ.