Timely news thodupuzha

logo

പി.പി ദിവ്യ റിമാൻഡിൽ

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) കെ നവീൻ ബാബുവിൻറെ മരണത്തിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ജില്ലാ കമ്മറ്റിയംഗവുമായ പി.പി ദിവ്യയെ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.

തുടർന്ന് രാത്രിയോടെ പള്ളിക്കുന്ന് വനിതാ ജയിലിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.റ്റി നിസാർ അഹമ്മദ് ദിവ്യയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

തുടർന്ന് അവർ കീഴടങ്ങുകയായിരുന്നു. എന്നാൽ കീഴങ്ങാനെത്തുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. 13 ദിവസമായി ദിവ്യ നിരീക്ഷണത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു. എ.ഡി.എമ്മിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു.

തൻറെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എ.ഡി.എം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്.

ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് അവരെ കസ്റ്റഡിയിലെടുത്തത്.

പൊലീസുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് അവർ എത്തിയതെന്നും പറയുന്നു. തുടർന്ന് ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷം കനത്ത പൊലീസ് സുരക്ഷയോടെ ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിൻറെ വീട്ടിൽ ഹാജരാക്കി.

മജിസ്ട്രേറ്റിൻറെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

അതിനിടെ, ദിവ്യയ്ക്ക് പിന്തുണ അറിയിക്കാൻ‌ സി.പി.എമ്മിൻറെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും മജിസ്ട്രേറ്റിൻറെ വസതിയ്ക്കു മുന്നിലെത്തിയിരുന്നു.

ദിവ്യ ഇന്നു തലശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകും. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിൻറെ കുടുംബം അറിയിച്ചു. നവീൻ ബാബുവിൻറെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷിചേരും. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയയായ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സി.പി.എം നേരത്തേ പുറത്താക്കിയിരുന്നു.

ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സർക്കാരിൻറെ കണ്ടെത്തൽ.

38 പേജുള്ള ഉത്തരവിൽ കോടതിയും ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ മാസം 15ന് പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് യോഗത്തിൽ പി.പി ദിവ്യ പരസ്യ വിമർശനം നടത്തിയതിൽ മനം നൊന്ത് താമസ സ്ഥലത്തേക്ക് മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യാ പ്രേരണാ കുറ്റമാണ് ദിവ്യയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്ക് വേണ്ടി അഭിഭാഷകൻ കെ വിശ്വനും പ്രോസിക്യൂഷന് വേണ്ടി കെ അജിത്കുമാറും നവീൻ ബാബുവിൻറെ കുടുംബത്തിന് വേണ്ടി ജോൺ എസ് റാൽഫുമാണ് കോടതിയിൽ ഹാജരായത്.

Leave a Comment

Your email address will not be published. Required fields are marked *