തിരുവനന്തപുരം: തൃശൂർ പൂര ദിനത്തിൽ താന്‍ വന്നിറങ്ങിയത് ആംബുലന്‍സിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആംബുലൻസിലല്ല, കാറിലാണ് പൂര നഗരിയിലെത്തിയതെന്നും, തന്തയ്ക്ക് പിറന്നവരാണെങ്കിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം എന്നുമായിരുന്നു കഴിഞ്ഞ ദിസവത്തെ വെല്ലുവിളി.
ഇതാണിപ്പോൾ കേന്ദ്ര മന്ത്രി സ്വയം വിഴുങ്ങിയിരിക്കുന്നത്. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയത് എന്നാണ് പുതിയ വിശദീകരണം. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല.
അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു. എന്നാൽ അവിടെ നിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ രക്ഷിച്ചത്. അതിന് ശേഷമാണ് ആംബുലൻസിൽ കയറിയതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. അതേസമയം, പൂരം കലക്കിയ സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ചങ്കൂറ്റമുണ്ടോയെന്ന ചോദ്യം അദ്ദേഹം ആവർത്തിച്ചു.
തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറയ്ക്കാനാണ് പൂരം കലക്കൽ ആരോപണമെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരത്തിന് താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞ ആളുകളുടെ മൊഴിയെടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്താ കേസെടുക്കാത്തത്.
അഞ്ച് കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിച്ചാണ് പൂരത്തിനു എത്തിയത്. തന്‍റെ കാർ ഗുണ്ടകൾ ആക്രമിച്ചു. തന്നെ രക്ഷിച്ചത് ഒരു രാഷ്ട്രീയവുമില്ലാത്ത ചെറുപ്പക്കാരാണ്. അവർ തന്നെ ഓടയ്ക്ക് ഇപ്പുറമെത്തിച്ചു. അവിടെനിന്നാണ് ആംബുലൻസിൽ കയറിയത്. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ.
ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ സിബിഐയെ വിളിക്കാന്‍. ഇവരുടെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ച് പോകും. ഇവരുടെ അന്തസ് എല്ലാം പോകും, സത്യം തെളിയാന്‍ സി.ബി.ഐയെ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തന്നെ പറയണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.