പാലക്കാട്: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് പി.കെ ശ്രീമതി.
ജാമ്യം കിട്ടിയതിൽ വളരെയധികം സന്തോഷമെന്നായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. കുറച്ചുദിവസമായി അവർ ജയിലിൽ കിടക്കുകയാണ്, എന്തുതന്നെയായാലും മനപൂർവമല്ലാത്ത നിർഭാഗ്യകരമായ സംഭവമെന്നെ അതിനെ പറയാൻ പറ്റുകയുള്ളൂവെന്ന് പി.കെ ശ്രീമതി പറഞ്ഞു. ദിവ്യയുടെ ഭാഗത്ത് നിന്ന് മനപൂർവമുണ്ടായ സംഭവമല്ല. ഉണ്ടായിട്ടുള്ള പാകപിഴകളെക്കുറിച്ച് പാർട്ടി പരിശോധിച്ചു.
അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തത്. ഏതൊരാൾക്കും നീതി നിഷേധിക്കാൻ പാടില്ല. നീതികിട്ടിയത് എന്നെ സംബന്ധിച്ചും വ്യക്തിപരമായും വളരെയധികം സന്തോഷമുള്ളതാണെന്നും കൂട്ടിച്ചേർത്തു.