Timely news thodupuzha

logo

ബി.ജെ.പി – എൻ.സി.പി ചർച്ച; ആതിഥ്യം വഹിച്ചത് അദാനി തന്നെയാണെന്ന് ശരദ് പവാർ

മുംബൈ: 2019ൽ ബി.ജെ.പിയും അവിഭക്ത എൻ.സി.പിയും തമ്മിലുള്ള സഖ്യ ചർച്ച സംഘടിപ്പിച്ചതും ആതിഥ്യം വഹിച്ചതും പ്രമുഖ വ്യവസായ ഗൗതം അദാനി തന്നെയായിരുന്നുവെന്ന് മുതിർന്ന നേതാവ് ശരദ് പവാർ സമ്മതിച്ചു.

അതേസമയം, ചർച്ചകളിൽ അദാനി നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും പവാർ പറഞ്ഞു. ബി.ജെ.പി – എൻ.സി.പി രാഷ്ട്രീയ ചർച്ചയിൽ അദാനിയും ഭാഗമായിരുന്നുവെന്ന അജിത് പവാറിൻ്റെ പ്രസ്താവന പുറത്ത് വന്ന് രണ്ടി ദിവസത്തിന് ശേഷമാണ് ശരദ് പവാറിൻ്റെ വിശദീകരണം. ന്യൂഡൽഹിയിലെ അദാനിയുടെ വസതിയിലായിരുന്നു ചർച്ചയെന്നും പവാർ പറഞ്ഞു. അദാനി വിരുന്നിന് ആതിഥ്യം വഹിച്ചെങ്കിലും രാഷ്ട്രീയ ചർച്ചയിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ശരദ് പവാർ ആവർത്തിച്ചു.

താനും അദാനിയും അമിത് ഷായും അജിത് പവാറുമാണ് അവിടെയുണ്ടായിരുന്നതെന്നും അദ്ദേഹം സമ്മതിച്ചു. ഈ ചർച്ചയ്ക്ക് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും അധികാരമേൽക്കുന്നത്.

എന്നാൽ, വെറും എൺപത് മണിക്കൂറായിരുന്നു ഈ സർക്കാരിൻ്റെ ആയുസ്. അതേസമയം, ചർച്ചയിൽ ശരദ് പവാർ പറഞ്ഞവരെ കൂടാതെ ഫഡ്നാവിസും പ്രഫുൽ പട്ടേലും കൂടി പങ്കെടുത്തിരുന്നുവെന്നാണ് അജിത് പവാറിൻ്റെ ഭാഷ്യം. അഞ്ച് ചർച്ചകൾ ഇത്തരത്തിൽ സംഘടിപ്പിച്ചിരുന്നുവെന്നും അജിത് പവാർ വെളിപ്പെടുത്തിയിരുന്നു.

ഈ ചർച്ചയ്ക്ക് ശേഷവും ശരദ് പവാർ എന്തുകൊണ്ടാണ് ബി.ജെ.പിക്കൊപ്പം നിൽക്കാതിരുന്നതെന്ന ചോദ്യത്തിന് അജിത് പവാർ മറുപടി പറഞ്ഞിരുന്നു. ശരദ് പവാറിൻ്റെ ഭാര്യ പ്രതിഭയ്ക്ക് പോലും അദ്ദേഹത്തിൻ്റെ മനസ് വായിക്കാൻ കഴിയില്ലെന്നായിരുന്നു അജിത് പവാറിൻ്റെ മറുപടി.

Leave a Comment

Your email address will not be published. Required fields are marked *