Timely news thodupuzha

logo

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐ.ഡി കാർഡ്

തിരുവനന്തപുരം: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമിച്ചെന്ന കേസിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായി വിവരം. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലാണ് വ്യാജ ഐഡി കാർഡ് നിർമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷൻറെ വെബ്‌സൈറ്റിൽ നിന്ന് ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്ത്, അതേ ലാപ്‌ടോപ്പിൽ ഫോട്ടോയും പേരും മാറ്റി യൂത്ത് കോൺഗ്രസ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഈ വ്യാജ കാർഡുകൾ ഉപയോഗിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. വോട്ടിങ്ങിന് ശേഷം 67,158 അപേക്ഷകരെ ഒഴിവാക്കി.

കാണക്കാരി പഞ്ചായത്തിലെ 27 പേരുടെ പേരിൽ വ്യാജ കാർഡുകൾ ഉണ്ടാക്കി. മലപ്പുറത്ത് ഏഴ് പേരുടെയും പേരിൽ വ്യാജ കാർഡ് ഉണ്ടാക്കി. ഇത് കാർഡ് ഉടമകളും മൊഴിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത നാല് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി.

പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ലോക്ക്ഡ് ആണെന്നതിനാൽ വിവരം ശേഖരിക്കുന്നതിനായി ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ചു. രാഹുലിൻറെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാൻ ഉൾപ്പടെയുള്ളവരെ പ്രതിചേർത്തിരുന്ന കേസിൽ ഇടപെടൽ ഉണ്ടായതായി കണ്ടെത്തിയാൽ പ്രതിസ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Leave a Comment

Your email address will not be published. Required fields are marked *