തിരുവനന്തപുരം: പത്തനംതിട്ട നഴ്സിങ്ങ് വിദ‍്യാർഥിനി അമ്മുവിൻറെ മരണത്തിൽ കോളെജ് അധികൃതർക്കെതിരെ കുടുംബം. വിദ‍്യാർഥിനികൾക്കിടയിലുണ്ടായ പ്രശ്നങ്ങൾ കോളെജിൽ വച്ച് തന്നെ പരിഹരിച്ചുവെന്ന പ്രിൻസിപ്പലിൻറെയും ക്ലാസ് ടീച്ചറിൻറെയും വാദം ശരിയല്ലെന്നും കോളെജിലും ഹോസ്റ്റലിലും വച്ച് സഹപാഠികൾ അമ്മുവിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിൻറെ ആരോപണം. മകൾ ആത്മഹത‍്യ ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് മരിച്ച അമ്മുവിൻറെ അമ്മ മാധ‍്യമങ്ങളോട് പറഞ്ഞു.
അമ്മുവിൻറെ അച്ഛൻറെ പരാതി പരിഗണിച്ച് പ്രശ്നം പരിഹരിക്കുന്നതിനായി കോളെജിൻറെ ഭാഗത്ത് നിന്നുള്ള നടപടികളെല്ലാം പൂർത്തിയായെന്ന് ചുട്ടിപാറ എസ്എംഇ നഴ്സിങ് കോളെജ് പ്രിൻസിപ്പലും കുട്ടിക്കൾക്കിടയിലുണ്ടായ പ്രശ്നം ക്ലാസിൽ വച്ച് തന്നെ പറഞ്ഞ് തീർത്തതായി ക്ലാസ് ടീച്ചറും പറഞ്ഞിരുന്നു.
എന്നാൽ ഈ വാദങ്ങളെയെല്ലാം അമ്മുവിൻറെ കുടുബം തള്ളി. പരാതി പരിഹരിക്കുന്നതിൽ കോളെജ് അധികൃതർ പൂർണമായി പരാജയപ്പെട്ടുവെന്നും അവരുടെ കാര‍്യങ്ങൾ പുറത്തുവരുമെന്ന് പേടിച്ച് അമ്മുവിനെ കൊന്നുകളഞ്ഞതാണെന്നും അമ്മുവിൻറെ സഹോദരൻ അഖിൽ ആരോപിച്ചു. അമ്മുവിൻറെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി രൂപികരിച്ചിട്ടുണ്ട്. ആരോഗ‍്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മേലിൻറെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് രൂപികരിച്ചത്.