തൃശൂർ: നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടി സംഘത്തിന് മേൽ തടി ലോറി പാഞ്ഞുകയറി രണ്ട് കുട്ടികളുൾപ്പെടെ അഞ്ച് പേർ മരിച്ചു. കാളിയപ്പൻ(50), ജീവൻ(4), നാഗമ്മ(30), ബംഗാഴി(20) എന്നിവരാണ് മരിച്ചത്.
മരിച്ച മറ്റൊരു കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ നാട്ടിക ജെകെ തിയ്യേറ്ററിനടുത്തായാണ് അപകടമുണ്ടായത്.
കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അഞ്ച് പേരും മരിച്ചു.
ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ലൈസൻസ് ഇല്ലാത്ത ക്ലീനറാണ് ലോറി ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.