കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മർദനം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരുക്ക്. തിങ്കളാഴ്ച രാത്രി ഭർത്താവ് രാഹുൽ തന്നെയാണ് യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു. ഇയാൾ യുവതിയെ പന്തീരാങ്കാവിലെ വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലൻസിൽ വച്ചും മർദിച്ചെന്നും തലക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നും യുവതി പൊലീസിന് നൽകിയ മൊഴി.
അതേസമയം, രാത്രി 11 മണിയോടെ പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോൾ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാൽ സ്വന്തം നാട്ടിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്നും ഇവർ പൊലീസിന് എഴുതി നൽകി. പന്തീരാങ്കാവിലെ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റുകൾ എടുക്കാൻ സഹായിക്കണമെന്നും ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു.
ഫറോഖ് അസിസ്റ്റൻ്റ് കമ്മീഷണർ എ.എം സിദ്ദിഖിൻറെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിയുടെ ഭർത്താവ് രാഹുലിനെ പന്തീരാങ്കാവ് പൊലീസ് വിളിച്ച് വരുത്തിയിരുന്നു.
യുവതിയുടെ മാതാപിതാക്കളെയും പൊലീസ് വിവരമറിയിച്ചു. പെൺകുട്ടി നൽകിയ ഗാർഹിക പീഡനക്കേസ് പരിഗണിക്കുന്നതിനിടയിൽ ഭർത്താവിനനുകൂലമായി യുവതി മൊഴി നൽകുകയും ഇതിനെ തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കിയതും ഇതേ വർഷമാണ്.