ഹൈദരാബാദ്: പുഷ്പ 2വിൻറെ പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ നടൻ അല്ലു അർജുനെതിരേ കേസ് എടുക്കും. അല്ലു അർജുന് പുറമെ താരത്തിൻറെ സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെൻറിനും എതിരേയും കേസെടുക്കും.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാത്തതിനാണ് തിയെറ്റർ മാനേജ്മെൻറിനെതിരെ നടപടി. അല്ലു അർജുൻറെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറയുന്നത്.
സംഭവത്തിൽ ഇതുവരെ അല്ലു അർജുനോ തിയെറ്റർ മാനേജ്മെൻറോ പ്രതികരിച്ചിട്ടില്ല. അല്ലു അർജുൻ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് അറിഞ്ഞിരുന്നിട്ടും തിയെറ്റർ മാനെജ്‌മെൻറിൻറെയോ നടൻറെ ടീമിൻറെയോ ഭാഗത്ത് നിന്നും അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു.
പിന്നീട് ഈ വിവരം പൊലീസിനെ അറിയിക്കുന്നത് അവസാന നിമിഷം മാത്രമാണ്. കൂടാതെ തീയറ്റർ മാനേജ്‌മെൻറിന് വിവരമറിഞ്ഞിട്ടും നടനും സംഘത്തിനു വരാനും പോകാനും പ്രത്യേക സൗകര്യമൊരുക്കിയില്ലെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.30 ഓടെ പുഷ്പ 2 റിലീസിനിടെ തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു.
ഇങ്ങനെ എത്തിയ ആളുകളെ താരത്തിൻറെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ്(39) മരിച്ചത്. അപകടത്തിൽ ഭർത്താവ് ഭാസ്ക്കറിനും മകനും പരിക്കേറ്റിരുന്നു. മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തുടർന്ന് പൊലീസിന് ലാത്തി വീശുകയായിരുന്നു.