മൂന്നാർ: സി.പി.എം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ അനീഷ് (48), സി.പി.എം നിയന്ത്രണത്തിൽ വാഗമൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള ടൂറിസം ഡിവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം അജ്മൽ(31) എന്നിവരെയാണ് വാററ് ചാരായം നിർമ്മിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ റിസോർട്ടിൽ വാറ്റുചാരായം ഉത്പാദിപ്പിക്കുന്നതിനിടെ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. രാത്രി നടന്ന റെയ്ഡിൽ 200 ലിറ്റർ വാഷും ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. റെയ്ഡ് നടപടികൾ രാത്രി വൈകിയും തുടരുകയാണ്. മുൻ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അനീഷ്.
നാളുകളായി കണ്ണംകുളത്തിന് സമീപത്തെ റിസോർട്ട് കേന്ദ്രീകരിച്ച് ചാരായം നിർമാണം നടക്കുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. റെയ്ഡിന് എത്തുമ്ബോൾ ചാരായം ഉത്പാദിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായിരുന്നു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ക്ലീറ്റസ് ജോസഫ് പറഞ്ഞു. പൂഞ്ഞാർ സ്വദേശി മണ്ഡപത്തിൽ ബിജുവിന്റെ ഉടമസ്തയിലുള്ളതാണ് റിസോർട്ട്. അനീഷാണ് നോട്ടക്കാരനെങ്കിലും മറ്റുള്ളവർക്ക് താമസത്തിന് നൽകുന്നില്ല.