ലഖ്നൗ: കോൺഗ്രസിൻറെ ഉത്തർ പ്രദേശ് സംസ്ഥാന ഘടകത്തിൽ സമ്പൂർണ അഴിച്ചുപണി വരുന്നു. ഇതിൻറെ ഭാഗമായി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഘടകത്തിനു കീഴിലുള്ള എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു.
പ്രദേശ് കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും സിറ്റി കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. താഴേത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരം പിടിക്കുകയുമാണ് ലക്ഷ്യം. 2027ലാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്.
403 സീറ്റാണ് യു.പി നിയമസഭയിലുള്ളത്. ഇത് മുന്നിൽക്കണ്ട് സാമുദായിക സമവാക്യം കൂടി കണക്കിലെടുത്തുള്ള പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേരിട്ട് മത്സരിക്കാതെ സഖ്യകക്ഷി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുകയാണ് ചെയ്തത്.