പത്തനംതിട്ട: കലഞ്ഞൂരിൽ ജോലിക്കിടെ കോൺക്രീറ്റ് കട്ടർ നെഞ്ചിൽ തുളഞ്ഞുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊടുമൺ കളാക്കൽ വീട്ടിൽ ജെയിംസാണ്(60) മരിച്ചത്.
കൂടൽ നെടുമൺകാവ് ഇലക്ട്രിക്കൽ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയിൽ ബാബുക്കുട്ടിയുടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30നാണ് സംഭവം നടക്കുന്നത്. ബാബുക്കുട്ടിയുടെ വീട്ടിലേക്ക് വാഹനം കയറുന്നതിനായി പഴയ കടമുറിയുടെ കോൺക്രീറ്റ് പൊളിക്കുകയായിരുന്നു. ഇരുമ്പ് സ്റ്റാൻഡിൽ നിന്നാണ് ജെയിംസ് ഈ ജോലി ചെയ്തത്.
എന്നാൽ കോൺക്രീറ്റ് തുളയ്ക്കുന്ന യന്ത്രവുമായി താഴേയ്ക്ക് ഇറങ്ങുമ്പോൾ പുറകിലേക്ക് മറിഞ്ഞ് വീണു. താഴെ വീണ ജെയിംസിന്‍റെ നെഞ്ചിലേക്ക് ഓഫാകാതിരുന്ന യന്ത്രം തുളഞ്ഞുകയറുകയായിരുന്നു. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഭാര്യ: ബീന. മക്കൾ: നേഹ അന്ന, നിർമ്മല. മരുമക്കൾ: ബിജോഷ്, ജിനു.