വത്തിക്കാൻ: കർദിനാൾ സ്ഥാനാരോഹണത്തിന് ഒരുങ്ങി ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട്. വൈദികനായിരിക്കേ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ് മാർ ജോർജ് ജേക്കബ് കൂവക്കാട്.
സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് സ്ഥാനാരോഹണം. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. 51കാരനായ മാർ ജോർജ് കൂവക്കാട് ചങ്ങനാശേരി അതിരൂപതാ അംഗമാണ്.
21 പേരെയാണ് ശനിയാഴ്ച കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ഒന്നര മണിക്കൂർ നീണ്ടു നിന്ന ചടങ്ങുകൾക്കു ശേഷം ഞായറാഴ്ച നടക്കുന്ന കുർബാനയിൽ മാർപാപ്പയ്ക്കൊപ്പം പുതുതായി സ്ഥാനമേറ്റ കർദിനാൾമാരും കുർബാന അർപ്പിക്കും.
സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സങാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ്, കാതോലിക്കാ ബാബ, കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ നേതൃത്വത്തിലുള്ള പ്രത്യേക കേന്ദ്ര സംഘം എന്നിവരും ചടങ്ങിൽ പങ്കെടുക്കും.