കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി.
2016, 2017 ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന്‍റെ 132 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ഉരുൾപൊട്ടൽ ദുരന്തത്തിന് തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു മാന്ത്രിക ഓർമപ്പെടുത്തൽ വന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു.
ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ജഡ്ജിമാർ കോന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
ദുരന്തത്തെ നേരിടാൻ സംസ്ഥാന സർക്കാർ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ച കോടതി രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രത്തിന് നൽകാൻ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ(എസ്.ഡി.ആർ.എഫ്) വകയിരുത്തിയിട്ടുള്ള തുക വാങ്ങുന്നത് കുറച്ചു നാൾ നീട്ടി വച്ചുകൂടെയെന്നും ചോദിച്ചു.
132.62 കോടി രൂപയിൽ 2024 മേയ് മാസം വരെയുള്ള 120 കോടി രൂപ കേരളം നൽകുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കാനാവുമോയെന്ന് കേന്ദ്രം കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി 10ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സംസ്ഥാനസര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ടിന്റെ പൂര്‍ണമായ കണക്ക് കോടതി മുമ്പാകെ ഹാജരാക്കി. 700 കോടി രൂപയാണ് എസ്.ഡി.ആര്‍.എഫിലുള്ളത്.
എന്നാല്‍ അതില്‍ 181 കോടിമാത്രമാണ് ഇതിൽ വയനാടിനായി ചെലവാക്കാനാവുന്നത്. ബാക്കി തുക മറ്റ് ആവശ്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നതാണ്.
ഈ 181 കോടി വയനാടിന് വേണ്ടി അടിയന്തിരമായി ചിലവഴിക്കാന്‍ കേന്ദ്ര മാനദണ്ഡങ്ങളില്‍ ചില ഇളവുകള്‍ ആവശ്യമാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.