തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിനീക്കിയ ഭാഗങ്ങൽ ഇന്നും പുറത്തുവരില്ലെന്ന് വിവരം. വെട്ടിയ നീക്കിയ ഭാഗം പുറത്തുവിടുന്നതിൽ ഇന്നേ ദിവസം ഉത്തരവുണ്ടാകില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ ശനിയാഴ്ച പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നേരത്തെ അറിയിച്ചത്.
എന്നാൽ ഈ ഭാഗങ്ങൾ പുറത്തുവിടുന്നതിനെതിരേ കമ്മീഷനിൽ പുതിയ പരാതി ലഭിച്ചതായും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ എന്നാണ് ഇപ്പോൾ കമ്മീഷണർ അറിയിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ഇക്കാര്യത്തിൽ ഉത്തരവ് വരാനിരിക്കെയാണ് പുതിയ പരാതി ലഭിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ 29 പാരഗ്രാഫുകൾ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നിർദ്ദേശം. എന്നാൽ ഇതിൽ നിന്നും സർക്കാർ സ്വന്തം നിലയിൽ 130 ഓളം പാരഗ്രാഫുകൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഈ തീരുമാനം ചോദ്യം ചെയ്ത് വിവരാവകാശ നിയമ പ്രകാരം മാധ്യമപ്രവർത്തകർ അപ്പീലിൽ നൽകുകയായിരുന്നു. ഒട്ടേറെ അപ്പീലുകൾക്കൊടുവിലാണ് റിപ്പോർട്ട് ഒടുവിൽ പുറത്തുവിടാൻ തീരുമാനമായത്.