കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന് വി.ഐ.പി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് സി.സി.ടി.വി ദൃശ്യങ്ങൾ ഹൈക്കോടതിക്കു കൈമാറി.
ഹൈക്കോടതി ദേവസ്വം ബെഞ്ചിനാണ് ദൃശ്യങ്ങൾ കൈമാറിയിരിക്കുന്നത്. കുട്ടികൾ അടക്കമുള്ള നിരവധി തീർത്ഥാടകർ കാത്ത് നിൽക്കുമ്പോൾ ദിലീപിന് എങ്ങനെ വി.ഐ.പി പരിഗണന ലഭിച്ചുവന്ന് കോടതി ചോദിച്ചിരുന്നു.
വിഷയം ചെറുതല്ലെന്ന് പറഞ്ഞ കോടതി സിസിടിവി ദൃശ്യങ്ങൾ നൽകാനും വിശദീരകരണം നൽകാനും ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്. ഹരിവരാസനം പാടി തീരും വരെ നടൻ ദിലീപ് തൊഴുതുവെന്നും ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് കോടതി ചോദിച്ചിരിക്കുന്നത്.
പൊലീസ് അകമ്പടിയോടെയാണ് നടൻ ദർശനം നടത്തിയതെന്നും ആരോപണമുണ്ട്. ശബരിമലയിൽ എല്ലാവരും സാധാരണ തീർഥാടകരാണെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും കോടതി മുൻപേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൻറെ ലംഘനമാണ് നടന്നതെന്നാണ് നിരീക്ഷണം.