തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിൻറെ മൃതദേഹമാണ് നാലു നിലയുള്ള ഹോട്ടലിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്. അനറ്റോലിയ പ്രവിശ്യയിലെ മലത്യ നഗരത്തിൽ അവ്‌സർ ഹോട്ടലിലാണ് വിജയ് കുമാർ താമസിച്ചിരുന്നത്.
ഭൂകമ്പത്തിൽ ഈ ഹോട്ടൽ പൂർണമായും തകർന്നു വീണു. രക്ഷാപ്രവർത്തന സ്ഥലത്തു നിന്നും കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുത്ത ഫോട്ടൊയിലെ ടാറ്റൂ കണ്ടാണു മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം ഇടതു കൈയിൽ ടാറ്റൂ പതിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. നേരത്തെ ഇദ്ദേഹത്തിൻറെ പാസ്‌പോർട്ടും മറ്റു രേഖകളും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും റെസ്‌ക്യൂ ടീം കണ്ടെത്തിയിരുന്നു.
അതുകൊണ്ടു തന്നെ വിജയ് കുമാർ രക്ഷപ്പെട്ടിട്ടുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഓക്‌സിപ്ലാന്റ്‌സ് ഇന്ത്യ എന്ന കമ്പനിയിലെ എൻജിനിയറായ വിജയ് കുമാർ ജോലിയുടെ ഭാഗമായാണ് തുർക്കിയിലെത്തിയത്. ജനുവരി ഇരുപത്തിമൂന്നിനു തുർക്കിയിലെത്തിയ വിജയ് ഫെബ്രുവരി പകുതിയോടെ ജോലി പൂർത്തിയാക്കി തിരിച്ചുവരാനിരിക്കുകയായിരുന്നു.