ഇടുക്കി: അറുപത്തിരണ്ടാമത് കേന്ദ്രീയവിദ്യാലയ സ്ഥാപകദിനാഘോഷം ഉത്സവപ്രതീതിയോടെ പൈനാവിലെ പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തിൽ നടന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സ്കിറ്റുകൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാർഥികൾ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.വിദ്യാർത്ഥികൾ പങ്കെടുത്ത വർണ്ണാഭമായ സാംസ്കാരിക, വിദ്യാഭ്യാസപരിപാടികൾ, സാംസ്‌കാരിക പ്രദർശനം എന്നിവയും നടന്നു.
ഇടുക്കി കേന്ദ്രീയവിദ്യാലയം വളർച്ചയുടെയും നവീകരണത്തിൻ്റെയും പാതയിലാണെന്ന് സ്വാഗതം ആശംസിച്ച പ്രിൻസിപ്പൽ അജിമോൻ എ ചെല്ലംകോട്ട് പറഞ്ഞു. 2008 ലാണ് ഇടുക്കിയിൽ കേന്ദ്രീയവിദ്യാലയം ആരംഭിക്കുന്നത് .ക്രിയാത്മക പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമാണ് തൊടുപുഴയിൽ പുതിയ സ്‌കൂൾ ലഭിച്ചതെന്നും മികച്ച പ്രവർത്തനം തുടരാനുള്ള എല്ലാ ശ്രമങ്ങളും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച അധ്യാപകർ, സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന അധ്യാപകൻ പ്രമോദ് എൻ ടി നന്ദി പറഞ്ഞു.