പാല: കേരളാ കോണ്‍ഗ്രസ് (സ്‌കറിയാ തോമസ് വിഭാഗം) സംസ്ഥാന സമിതി അംഗവും ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റുമായ സി. ജയകൃഷ്‌ണനും സഹ പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ് (എം) ല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു പാലായില്‍ നടന്ന ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി ജയകൃഷ്‌ണന് അംഗത്വം നല്‍കി സ്വീകരിച്ചു. കേരള കോണ്‍ഗ്രസ്സുകളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണന്നും സ്‌കറിയാ തോമസ് വിഭാഗത്തില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ കേരളാ കോണ്‍ഗ്രസ് (എം) ല്‍ ചേരുമെന്നും ജയകൃഷണന്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം കെ. ഐ. ആന്റണി, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് ഡോണി കട്ടക്കയം തുടങ്ങിയവരും സംബന്ധിച്ചു.
തൊടുപുഴ കേന്ദ്രമായി രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ജയകൃഷ്‌ണന്‍ വലിയ സുഹൃത്ത് വലയത്തിന് ഉടമയുമാണ്. സംയുക്ത കേരളാ കോണ്‍ഗ്രസ്സിന്റെ സംസാരിക വേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളം, മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്ര സ്ഥാപനങ്ങളില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ കഥകളി ക്ലബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു.