സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പേസ് ബൗളർമാരുടെ കരുത്തിൽ ഇന്ത്യയുടെ തിരിച്ചുവരവ്. ആദ്യ ദിവസം 185 റൺസിന് പുറത്തായ ഇന്ത്യ, രണ്ടാം ദിവസം ഓസ്ട്രേലിയയെ 181 റൺസിന് പുറത്താക്കി നാല് റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. അതേസമയം, ക്യാപ്റ്റനും പരമ്പരയിലെ ഏറ്റവും മികച്ച ബൗളറുമായ ജസ്പ്രീത് ബുംറയ്ക്കു പരുക്കേറ്റത് ഇന്ത്യക്ക് ആശങ്ക പകരുന്നു.
പരമ്പരയിൽ ഇതുവരെ 152 ഓവറിലേറെ എറിഞ്ഞു കഴിഞ്ഞ ബുംറയുടെ പരുക്കു ഗുരുതരമെന്നാണ് സൂചന. അദ്ദേഹത്തെ സ്കാനിങ്ങിനായി ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയാണ്.
മൂന്നാം സെഷനിൽ ഓരോവർ മാത്രം എറിഞ്ഞ ബുംറ മത്സരത്തിൽ ഇതുവരെ രണ്ട് വിക്കറ്റാണ് നേടിയത്. പരമ്പരയിൽ ആദ്യമായി പേസ് ബൗളിങ് യൂണിറ്റ് ഒന്നടങ്കം ഫോമിലായ മത്സരത്തിൽ, മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം നേടി. പരമ്പരയിൽ പ്രസിദ്ധിന് ഇത് ആദ്യ മത്സരമാണ്.
ബുംറയ്ക്ക് പുറമേ നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റ് വീഴ്ത്തി. 57 റൺസെടുത്ത അരങ്ങേറ്റക്കാരൻ ബ്യൂ വെബ്സ്റ്ററാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. വെബ്സ്റ്ററെ കൂടാതെ ഓപ്പണർ സാം കോൺസ്റ്റാസ്(23), സ്റ്റീവൻ സ്മിത്ത്(33), വിക്കറ്റ് കീപ്പർ അലക്സ് കാരി(21), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്(10) എന്നിവർക്ക് മാത്രമാണ് രണ്ടക്ക സ്കോറുകൾ നേടാൻ സാധിച്ചത്.