Timely news thodupuzha

logo

കർണാടകയിൽ പരാതി നൽകാൻ എത്തിയ യുവതിയെ പീഡിപ്പിച്ച് ഡിവൈഎസ്പി

തുംകുരു: പരാതി നൽകാൻ ഓഫീസിലെത്തിയ യുവതിയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ മധു ഗിരി സബ് ഡിവിഷനിലാണ് സംഭവം നടന്നത്. മധുഗിരി ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് സംഭവത്തിലെ വില്ലൻ. ഇയാളുടെ ക്രൂരമായ പെരുമാറ്റത്തിന്റെ വീഡിയോ കർണാടകത്തിൽ വൈറലായിരിക്കുകയാണ്.

ഭൂമി തർക്കത്തിൽ പരാതിപ്പെടാൻ പാവഗഡയിൽ നിന്ന് എത്തിയ യുവതിയെ രാമചന്ദ്രപ്പ ബലമായി ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴയ്‌ക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വരയുടെ സ്വന്തം ജില്ലയിലാണ് ഈ സംഭവം നടന്നതെന്നത് കർണാടക പോലീസ് വകുപ്പിനെയാകെ മാനം കെടുത്തിയിരിക്കുകയാണ്. ഇത് വകുപ്പിന്റെ അന്തസ്സിനു കളങ്കമുണ്ടാക്കി എന്നും ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും ആവശ്യമുയർന്നു കഴിഞ്ഞു .

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കണ്ടെന്നും ഇതിൽ ഡിവൈഎസ്പി രാമചന്ദ്രപ്പ അപകീർത്തികരമായ രീതിയിൽ പെരുമാറിയതായി കണ്ടെത്തി എന്നും ഇരയെ തിരയുകയാണെന്നും അന്വേഷിച്ച്‌ കർശന നടപടിയെടുക്കുമെന്നും തുംകുരു ജില്ലാ എസ്പി കെ.വി. അശോകൻ പ്രതികരിച്ചു.

സ്ത്രീയെ പീഡിപ്പിക്കുന്ന വീഡിയോ വൈറലായതോടെ ഡിവൈഎസ്പി ഒളിവിൽ പോയതായി സൂചനയുണ്ട്. ഭൂമി തർക്കത്തിൽ പരാതി നൽകിയ യുവതിയെ ചോദ്യം ചെയ്യലിനെന്ന പേരിൽ ഡിവൈഎസ്പി രാമചന്ദ്രപ്പ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇവിടെ എത്തിയ യുവതിയെ ബലമായി ഓഫീസിലെ ടോയ്‌ലറ്റിനു സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഡിവൈഎസ്പി രാമചന്ദ്രപ്പ യൂണിഫോമിൽ ഓഫീസിൽ സ്ത്രീക്കൊപ്പമുള്ള വീഡിയോ ജനലിനു പുറത്ത് നിന്ന് ഒരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *