Timely news thodupuzha

logo

ദുബായ് സെൽഫ് ഡ്രൈവിങ്ങ് ചലഞ്ച് അവസാന ഘട്ടത്തിലേക്ക് 5 കൺസോർഷ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു

ദുബായ്: അഞ്ച് ആഗോള, തദ്ദേശ കൺസോർഷ്യങ്ങളും പ്രമുഖ കമ്പനിയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോട്ട് അഥോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് 2025ൻറെ നാലാമത്തെ ദുബായ് വേൾഡ് ചലഞ്ചിൻറെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദുബായ് ഓട്ടോണമസ് ട്രാൻസ്‌പോർട്ട് സോൺ’ എന്ന പ്രമേയത്തിൻ കീഴിൽ ഒരു പ്രദേശത്തിനുള്ളിൽ ഒന്നിലധികം ഗതാഗത ഉപാധികൾ തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന മാതൃകാ മേഖല സൃഷ്ടിക്കാൻ പങ്കാളികളോട് ആവശ്യപ്പെടുന്നതാണ് ചലഞ്ച്.

മികച്ച സേവന നിലവാരം നൽകി അവരുടെ ആവശ്യങ്ങൾക്കനുസൃതമായി ഇഷ്ടപ്പെട്ട ഗതാഗത മാർഗം തെരഞ്ഞെടുക്കാൻ താമസക്കാരെ പ്രാപ്തരാക്കാനാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.

സെൽഫ് ഡ്രൈവിങ് ഗതാഗതത്തിൽ നഗരങ്ങൾക്ക് ആഗോള മാനദണ്ഡം സ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിൻറെ ലക്ഷ്യം.വിജയികളെ അടുത്ത സെപ്റ്റംബറിൽ ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന ദുബായ് വേൾഡ് കോൺഗ്രസിലും ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ടിലും പ്രഖ്യാപിക്കും.

സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് സാങ്കേതികതകളിൽ അന്താരാഷ്‌ട്ര വിദഗ്ധനും ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട് ജഡ്ജിംഗ് പാനൽ ചെയർമാനുമായ ഡോ. സ്റ്റീവൻ ഷ്ലാഡോവർ അധ്യക്ഷനായ ആഗോള ജഡ്ജിംഗ് പാനലിൻറെ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ അഞ്ച് ആഗോള, തദ്ദേശ കൺസോർഷ്യങ്ങളും കമ്പനികളും അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്.

യു.എ.ഇ, ജർമനി, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വീ റൈഡ്/ഡ്യുഷ് ബാൺ കൺസോർഷ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, യു.എ.ഇ, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്രൈറ്റ് ഡ്രൈവ്/ഇവെർസം/ഷിപ്ടെക്/സീബബിൾസ് കൺസോർഷ്യം; യു.എ.ഇയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഒർകോബോട്/പിക്സ്മൂവിങ്/ഹെരിയോട് -വാട്ട് യൂണിവേഴ്സിറ്റി ദുബായ് കൺസോർഷ്യം; ഓസ്ട്രിയയിൽ നിന്നുള്ള സുറാ/ആർട്ടി കൺസോർഷ്യം; സിംഗപ്പൂരിൽ നിന്നുള്ള പ്രമുഖ കമ്പനിയായ സീലോസ് എന്നിവയുമുണ്ട്.

അടുത്ത ഘട്ടത്തിൽ അംഗീകൃത മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് അതത് രാജ്യങ്ങളിലെ യോഗ്യതയുള്ള കമ്പനികളുടെ പരിസരത്ത് ഫീൽഡ് ടെസ്റ്റുകൾ നടത്തും. ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ രക്ഷാകർതൃത്വത്തിലുള്ള ദുബായ് വേൾഡ് കോൺഗ്രസും സെൽഫ്-ഡ്രൈവിങ് ട്രാൻസ്‌പോർട്ട് ചലഞ്ചും ആഗോള തലത്തിൽ ഇത്തരത്തിലുള്ള പ്രധാന അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമായി മാറിയിട്ടുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർ.ടി.എ) എക്‌സിക്യൂട്ടിവ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു.

സെൽഫ് ഡ്രൈവിങ് ഗതാഗതം ആർടിഎയുടെ നയത്തിൻറെ അവിഭാജ്യ ഘടകമാണെന്നും ദുബായിൽ ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള നൂതന സംരംഭങ്ങൾ ആരംഭിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *